എറണാകുളം: താഴേത്തട്ടിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കും

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴേത്തട്ടിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

കനത്ത മഴയിൽ കുട്ടമ്പുഴ മേഖലയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ആന്റണി ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. തങ്കളം – കാക്കനാട് റോഡിനായുള്ള സർവേ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ജിഡ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കാണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എൽ.എ ആവശ്യപ്പെട്ടു. വൈപ്പിൻ – മുനമ്പം സമാന്തര പാതയിലെ കടൽഭിത്തി നിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കച്ചേരിപ്പടി വില്ലേജിൽ വില്ലേജ് ഓഫീസറെ നിയമിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. പട്ടയം, പോക്കുവരവ് അപേക്ഷകളിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിനായി താലൂക്ക് തലത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു. കരാർ ചെയ്ത റോഡ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അനൂപ് ജേക്കബ് എം.എൽ.എ കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ മുടങ്ങുന്ന സാഹചര്യം ചൂണ്ടിക്കാട്ടി.

കടമ്പ്രയാർ മലിനീകരണം, കിറ്റക്‌സ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ആവശ്യമെങ്കിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 ജില്ലാ വികസന സമിതി ഓൺ ലൈൻ യോഗത്തിൽ എം.എൽ.എമാരായ പി.ടി തോമസ്, പി.വി ശ്രീനിജൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളിൽ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മന്ത്രി പി. രാജീവിന്റെയും ഡീൻ കുര്യാക്കോസ് എം.പിയുടെയും പ്രതിനിധികൾ,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം