തിരുവനന്തപുരം: സംസ്ഥാനത്തെ 300 ഗ്രാമപഞ്ചായത്തുകളെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാംഘട്ട മാർഗനിർദേശം അനുസരിച്ച് 2021 ഒക്ടോബർ രണ്ടിനകം ഒ.ഡി.എഫ് പ്ലസ് നിലവാരം കൈവരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ കേരളം രാജ്യത്തെ ആദ്യത്തെ വെളിയിട വിസർജ്യമുക്ത സംസ്ഥാനമായി മാറിയിരുന്നു. അന്ന് ഒ.ഡി.എഫ് പദവിയാണ് കേരളത്തിന് ലഭിച്ചത്. അതിന്റെ തുടർച്ചയായാണ് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനത്തിലേക്ക് കേരളം പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വീടുകൾക്കും ശൗചാലയം ഉറപ്പാക്കി വെളിയിട വിസർജന മുക്തമാക്കുന്നതിനൊപ്പം ഗ്രാമങ്ങളെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദരമാക്കണം. പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും വൃത്തിയുള്ള ശൗചാലയം ഉറപ്പാക്കണം. പഞ്ചായത്തുകളിൽ കൃത്യമായി പരിപാലിക്കുന്ന വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങൾ, സ്‌കൂളുകൾ, പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളിൽ പ്രത്യേക ശുചിമുറികൾ, മലിനജലം കെട്ടിനിൽക്കാതെയും മാലിന്യക്കൂമ്പാരങ്ങളില്ലാതെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പൊതു ഇടങ്ങൾ എന്നിവ കൂടി ഒരുക്കണം. ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബോർഡുകൾ, ചുവരെഴുത്തുകൾ മുതലായവ പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ശുചിത്വമിഷന്റെ മേൽനോട്ടത്തിൽ സുസ്ഥിര പരിപാലനം ഉറപ്പുവരുത്തി ഗ്രാമ പഞ്ചായത്തുകൾ ഒ.ഡി.എഫ് പ്ലസ് നേട്ടം കൈവരിക്കാൻ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.