നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍

ആന്ധ്രാപ്രദേശ്: നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍. ചാറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാൾ .

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം . പ്രസന്നകുമാർ എന്ന യുവാവാണ് സ്ത്രീകളെ കെണിയിലാക്കി ചൂഷണം ചെയ്തതിന് പിടിയിലായത്. കടപ്പ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

എഞ്ചിനീയറിംഗ് പഠനം ഒന്നാം വര്‍ഷത്തില്‍ വച്ച് ഉപേക്ഷിച്ചതിന് ശേഷമാണ് ഇയാൾ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിത്തുടങ്ങിയത്. ഷെയര്‍ ചാറ്റ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയും മധ്യവയസ്‌കരായ സ്ത്രീകളെയുമാണ് ഇയാൾ ചതിയിൽപെടുത്തിയത്. പരിചയപ്പെടുന്ന സ്ത്രീകളെ പ്രണയം നടിച്ച് മയക്കിയാണ് ഇയാള്‍ കെണിയില്‍ അകപ്പെടുത്തിയത്.

തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ കാട്ടി ഗൂഗിള്‍പേയിലൂടെയും ഫോണ്‍പേയിലൂടെയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാള്‍ ആവശ്യപ്പെടുന്ന പണം നല്‍കുകയും ചെയ്യും. പെണ്‍കുട്ടികളടക്കം 200 -ലധികം സ്ത്രീകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായി പൊലീസ് പറയുന്നു.

കെണിയില്‍പ്പെടുത്തുന്ന സ്ത്രീകളുമായി യുവാവ് നേരിട്ട് ലൈംഗിക ബന്ധം പുലര്‍ത്തുകയും ,ഇരകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്വര്‍ണം വിറ്റ് ഇയാൾ ആഡംബരജീവിതം നയിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം