ന്യൂഡൽഹി: പെഗാസസ് സംബന്ധിച്ച മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 10/08/21 ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേ സമയം കേസിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എൻ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് എന്നിവരുടേയൊക്കെ ഹര്‍ജികളാണ് 05/08/21 വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്തിയത്.
എൻഎസ്ഒ പെഗാസസ് ചാരസോഫ്റ്റ്‍വെയർ വിൽക്കുന്നത് സർക്കാർ ഏജൻസികൾക്ക് മാത്രമാണെന്ന് എൻ റാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. റിപ്പോർട്ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോർത്തൽ നടന്നെങ്കിൽ ക്രിമിനൽ കേസ് എന്ത് കൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചപ്പോൾ പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു മുതിർന്ന അഭിഭാഷകന്റെ മറുപടി.
ഒരു റിപ്പബ്ലിക്ക് എന്ന നിലയിൽ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്നും സിബൽ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബൽ കോടതിയിൽ ആരോപിച്ചു.