ബംഗളുരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രേണുകാചാര്യയും ഇല്ലാതെ ബസവരാജ് ബൊെമ്മെ മന്ത്രിസഭ വികസിപ്പിക്കല്‍. 29 പേരാണ് പൂതുതായി മന്ത്രിസഭയിലെത്തിയത്.പ്രബലരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളില്‍നിന്നു യഥാക്രമം എട്ടും ഏഴും പേരാണു പുതിയ മന്ത്രിസഭയിലുള്ളത്. ഒ.ബി.സി. വിഭാഗങ്ങളില്‍നിന്നുള്ള ഏഴു പേരും പട്ടികവിഭാഗക്കാരായ നാലു പേരും മന്ത്രിമാരായി. ശശികല ജോലെയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ഏക വനിത.പുതിയ മന്ത്രിമാരില്‍ 23 പേര്‍ യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ആറു പേര്‍ പുതുമുഖങ്ങള്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ടിനു മുന്നിലായിരുന്നു സത്യപ്രതിജ്ഞ.യെദിയൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി വേണ്ടെന്നാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അഴിമതിയാരോപണങ്ങളാണ് വിജയേന്ദ്രയ്ക്കു വിനയായതെന്നു കരുതുന്നു. മുന്‍ ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് എം. കര്‍ജോള്‍, സി.എന്‍. അശ്വത്ഥ് നാരായണ്‍ എന്നിവര്‍ക്കു മന്ത്രിസഭയില്‍ ഇടംകിട്ടി.