ടോക്കിയോ∙ നാൽപതു വർഷത്തെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. വ്യാഴാഴ്ച(05/08/21) രാവിലെ നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ ആവേശകരമായി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. മലയാളിയായ പി ആർ ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനവും
സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്.
ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിയുടെ ഗോളുകൾ ടിം ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ (24), ബെൻഡിക്ട് ഫുർക് (25), ലൂക്കാസ് വിൻഡ്ഫെഡർ (48) എന്നിവർ നേടി. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.