കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തില്‍ ഇവിടുത്തെ സൗകര്യങ്ങളും സംവിധാനങ്ങളും ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വിലയിരുത്തി. ജനപ്രതിനിധികളുടെ സഹായത്തോടെ ആധുനീകരണവും ആവശ്യമായ അറ്റകുറ്റ പണികളും നിര്‍വഹിക്കാം. എം.പി./എം. എല്‍. എ ഫണ്ട് വിനിയോഗിക്കാവുന്ന രീതിയിലുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്. ഇതു സംബന്ധിച്ച റിപോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഫിനാന്‍സ് കമ്മിറ്റി ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഭരണസമിതി തിരഞ്ഞെടുപ്പിന് ആവശ്യമായ തീരുമാനത്തിന് എക്‌സിക്യുട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടിയന്തര ചിലവുകള്‍ക്ക് പലിശരഹിത വായ്പ സ്വരൂപിക്കാന്‍ ഗവേണിംഗ് ബോഡി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ലൈബ്രറിക്ക് കാലോചിത പരിഷ്‌കരണം വരുത്തുകയാണ് പ്രധാനം. ജില്ലയിലെ സാംസ്‌കാരിക സമുച്ചയം എന്ന പരിഗണനയോടെയുള്ള വികസന സാധ്യതകളാണ് കണ്ടെത്തേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് ലൈബ്രറിയുടെ നിലവിലെ പ്രവര്‍ത്തനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പതിന് തുടങ്ങി വൈകുന്നേരം അഞ്ചു മണിവരെയാണ് സമയം. കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുനശീകരണം ഉള്‍പ്പടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാലു ലക്ഷം രൂപയുടെ പുതിയ പുസ്തകങ്ങള്‍ ശേഖരത്തിലേക്ക് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പുസ്തകങ്ങള്‍ നല്‍കിത്തുടങ്ങിയതിനൊപ്പം അംഗത്വ അപേക്ഷകളും സ്വീകരിച്ചു തുടങ്ങി. തെര്‍മല്‍ പരിശോധനാ സംവിധാനവും സാമൂഹ്യഅകലം ഉറപ്പാക്കി പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങളും പേരുവിവരങ്ങള്‍ സൂക്ഷിക്കാന്‍ രജിസ്റ്ററും ഏര്‍പ്പെടുത്തി. നിലവില്‍ റീഡിംഗ് റൂം മാത്രമാണ് തുറന്നിട്ടുള്ളത്. ഗവേഷണ വിഭാഗത്തിലെ ക്രമീകരണങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും. ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലായെത്തുന്നത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും.