പത്തനംതിട്ട: കുടിവെള്ള വിതരണ പൈപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി; റാന്നി എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു

പത്തനംതിട്ട: റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്റെ ഇടപെടല്‍ ഫലം കണ്ടു. മാസങ്ങളായി റാന്നി താലൂക്ക് ആസ്ഥാനത്ത് മുടങ്ങിക്കിടന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കി.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചെത്തോംകര മുതല്‍ ബ്ലോക്ക് പടി വരെയുള്ള ജലവിതരണ പൈപ്പുകള്‍ തകരാറിലായി കുടിവെള്ളം മുടങ്ങിയിരുന്നു. പലഭാഗങ്ങളിലും ആറും ഏഴും മാസത്തില്‍ അധികമായി കുടിവെള്ളം ലഭിച്ചിട്ട്. റോഡ് പണി നീണ്ടതോടെ  ജലവിതരണവും മുടങ്ങി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എംഎല്‍എ കെഎസ്ടിപി അധികൃതരുടെയും കരാറുകാരുടെയും യോഗം വിളിച്ച് എട്ടു ദിവസത്തിനുളളില്‍ പൈപ്പുകളുടെ പണി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.

റാന്നി പാലം  മുതല്‍ ചെത്തോംകര വരെ റോഡിന് ഇരുവശത്തും ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് ഹൗസ് കണക്ഷനുകള്‍ നല്‍കി. ബ്രാഞ്ച് റോഡുകളുടെയും  പൈപ്പുകള്‍ കണക്ട് ചെയ്തു. പെരുമ്പുഴ, മാമുക്ക്, ഇട്ടിയപ്പാറ, ഐത്തല, കോളജ് റോഡ്, ചെത്താംകര, പൂഴിക്കുന്ന് എന്നിവിടങ്ങളിലെ ജലവിതരണമാണ് ഇതോടെ സാധ്യമാവുക. നിലവിലുള്ള തൊഴിലാളികളെ കൂടാതെ പുതുതായി മൂന്ന് ടീമിനെ കൂടെ ഇറക്കി രാവും പകലും ഒരുപോലെ പ്രവര്‍ത്തി ചെയ്താണ് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഞായറാഴ്ച തന്നെ ജലവിതരണം നടത്താനാകുമായിരുന്നു. എന്നാല്‍, ആനപ്പാറ മലയിലെ പ്ലാന്റില്‍ നിന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ മെയിന്‍ വാല്‍വിലെ തകരാര്‍ മൂലമാണ് ഇതിന് സാധിക്കാത്തത്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ തകരാര്‍ പരിഹരിച്ചാല്‍ ജലവിതരണം സുഗമമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →