റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്തതിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച് വനിതാ സിപിഓ ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ മുടി മുറിക്കൽ സമരം. കൊവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഓഗസ്റ്റ് 4 നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാർ ആരോപിച്ചു.

അതേ സമയം പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 02/08/21 തിങ്കളാഴ്ച നിയമസഭയിൽ അറിയിച്ചു. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ് പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മുഖ്യമന്ത്രി സഭയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഉദ്യോഗാർത്ഥികളുടെ മുടിമുറിക്കൽ സമരം.

Share
അഭിപ്രായം എഴുതാം