ഇടുക്കി: കര്‍ഷക നാണ്യവിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റും : മന്ത്രി ജി. ആര്‍ അനില്‍

ഇടുക്കി: കര്‍ഷക നാണ്യവിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. തൂക്കുപാലത്ത് സംഘടിപ്പിച്ച ഏലയ്ക്ക വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമാകും. അതോടൊപ്പം പ്രാദേശികമായ ഇത്തരം തനത് ഉത്പന്നങ്ങള്‍ ശേഖരിക്കുകയും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവയുടെ സാധ്യത പരിശോധിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു ജന സ്വീകാര്യതയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.

 16 ഇനം വിഭവങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും വസ്തുക്കളുടെ ഗുണമേന്മയും കൃത്യതയും പരിശോധിച്ച് സമയോചിതമായി നല്‍കുന്നതില്‍ മന്ത്രിയും വകുപ്പും കാണിക്കുന്ന താല്പര്യം അഭിനന്ദനാര്‍ഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളത്തിലെ 44 സംഭരണ കേന്ദ്രങ്ങളില്‍ ഏലയ്ക്ക കൃത്യമായി എത്തിക്കുന്നതിന് ബാങ്ക് കാണിച്ച സന്നദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി ആര്‍ അനില്‍,  മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് ഏലയ്ക്ക വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റില്‍ നല്‍കാന്‍ ഇടുക്കിയില്‍ നിന്നുമെടുക്കുന്ന ഏലയ്ക്കയില്‍ പത്ത് ജില്ലയിലേക്കുള്ള ഏലയ്ക്ക നല്‍കുന്നത് പട്ടം കോളനി സര്‍വീസ് സഹകരണ ബാങ്കാണ്.

പരിപാടിയില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,  ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കെടി കുഞ്ഞ്, വിന്‍സി വാവച്ചന്‍, സജ്ന ബഷീര്‍, സതി അനില്‍ കുമാര്‍, പട്ടം കോളനി സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ഗോപാല കൃഷ്ണന്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം