ഇടുക്കി: വളയിട്ട കൈകളിലൂടെ ഉപ്പേരിയെത്തുക ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക്

ഇടുക്കി: ഇടുക്കിയിലെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാകും. ഉപ്പേരിയും ശര്‍ക്കര വരട്ടിയും കൂടി ഒന്നേകാല്‍ ലക്ഷം പാക്കറ്റുകളാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയത്.
 
ജില്ലയിലെ കുടുംബശ്രീ സംരഭങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് ഉപ്പേരി തയ്യാറാക്കി ഡിപ്പോകളില്‍ എത്തിക്കുന്ന ചുമതല. ഏത്തക്കായ അരിയുന്നത് മുതല്‍ രുചികരമായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ്  നിര്‍മ്മാണം. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കില്ല. പാചകമുറിയിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലെക്കോ അധികൃതരുടെയും നിരീക്ഷണവുമുണ്ടാകും.

തൊടുപുഴ (29,000), മൂന്നാര്‍ (42,000), നെടുങ്കണ്ടം (54,000) എന്നിങ്ങനെ ജില്ലയിലെ സപ്ലൈക്കോ ഡിപ്പോകളിലേക്കായി ഒന്നേകാല്‍ ലക്ഷം പാക്കറ്റുകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. ഇവയില്‍ ഭൂരിഭാഗവും ഇതിനോടകം നല്‍കിക്കഴിഞ്ഞു. നൂറ് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിറ്റുകളില്‍ നിറക്കാനാവും വിധമാണ് ഇവ നല്‍കുന്നത്. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 26 രൂപാ വീതമാണ് ലഭിക്കുക. സപ്ലൈകോ ഗോഡൗണുകളില്‍ ഉല്‍പ്പന്നം എത്തിച്ച് കഴിഞ്ഞാല്‍ രണ്ടാഴ്ച്ചക്കകം പണം നല്‍കും. ജില്ലാതല കുടുംബശ്രീ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വം നല്‍കും.

ജില്ലയിലെ കര്‍ഷകര്‍ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച ഏത്തക്കായകളാണ് ഉപ്പേരി നിര്‍മ്മാണത്തിനായി മുഖ്യമായും സംഭരിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമേ കോവിഡ് പ്രതിസന്ധിക്കിടെ കര്‍ഷകര്‍ക്കും ഇത് വലിയ ആശ്വാസമായി. കര്‍ഷകരില്‍ നിന്ന് ഏത്തക്കായ  നേരിട്ട് സംഭരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമാണ് പൊതു വിപണിയെ ആശ്രയിച്ചത്. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചാലും തയ്യാറാക്കി നല്‍കാന്‍ സജ്ജമാണെന്ന് സംരഭകര്‍ പറഞ്ഞു.
 
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗങ്ങള്‍ അഭിനന്ദിച്ചു. ഏറെക്കാലമായുള്ള തങ്ങളുടെ ആവശ്യമാണിപ്പോള്‍ സാക്ഷാത്കരിച്ചതെന്ന് ഇവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

തൊടുപുഴ നഗരസഭയില്‍ 12 ആം വാര്‍ഡിലെ കുന്നത്ത് പ്രവര്‍ത്തിക്കുന്ന വീണ കുടുംബശ്രീ യൂണിറ്റില്‍ നിന്നാണ് പ്രധാനമായും തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉല്‍പ്പന്നം എത്തിക്കുന്നത്. സപ്ലൈകോ, മാവേലി സ്റ്റോര്‍ എന്നിവയുടെ 14 പ്രാദേശിക പാക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഓര്‍ഡര്‍ നല്‍കിയ ശര്‍ക്കര വരട്ടി  ഇതിനോടകം എത്തിച്ച് കഴിഞ്ഞതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →