കാസർകോട്: മുലയൂട്ടല്‍ വാരാചരണം; ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമായി

കാസർകോട്: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസ്, മഹിളാ ശക്തി കേന്ദ്ര, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് തുക്കമായി. വാരാചരണത്തോടനുബന്ധിച്ച് ‘മുലയൂട്ടല്‍ പരിരക്ഷണം – ഒരു കൂട്ടായ ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ ജില്ലാ തല ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ആഗോള തലത്തില്‍ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

മുലയൂട്ടല്‍ പരിരക്ഷണം-ഒരു കൂട്ടായ ഉത്തരവാദിത്തം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഓൺലൈനായി നടന്ന ചർച്ചയിൽ ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍  കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  മഹിളാ ശക്തി കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ശില്‍പ മോഡറേറ്ററായി. ജില്ല ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ആനന്ദാശ്രമം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ. ജോണ്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, 12 ഐ.സി.ഡി.എസ് പ്രൊജക്ടുകളിലെ സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, എന്‍.എന്‍.എം സ്റ്റാഫുകള്‍, മഹിള ശക്തി കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.  ചടങ്ങില്‍ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വിപിന്‍ പവിത്രന്‍ സ്വാഗതവും നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്  എം. രഞ്ജിഷ നന്ദിയും പറഞ്ഞു. 

Share
അഭിപ്രായം എഴുതാം