ഗുവാഹത്തി: മിസോറാമുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മിസോറാം മുഖ്യമന്ത്രി സോറംതംഗ എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെ പേരില്‍ തനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ മിസോറാം കേസെടുത്തതിനെക്കുറിച്ചു പരാമര്‍ശിക്കെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ശര്‍മ പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കില്ല. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നു കേന്ദ്രം ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കു തയാറാണെന്നു മിസോറാം മുഖ്യമന്ത്രിയും അറിയിച്ചു. അസം മുഖ്യമന്ത്രിക്കെതിരേയുള്ള കേസ് മിസോറാം പിന്‍വലിച്ചേക്കും.