ലഖ്‌നൗ ; ഉന്നാവോയില്‍ ബലാല്‍സംഗത്തിലിരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സേംഗറിന് സിബിഐ നല്‍കിയ ക്ലീന്‍ ചിറ്റ് ഡല്‍ഹി കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ വിശ്വാസ്യതയും കൃത്യതയും സംശയിക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി ജഡ്‌ജി ധര്‍മേഷ് ശര്‍മ പറഞ്ഞു
ഉന്നാവ ബലാല്‍സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപിന് പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാന്‍ യുപി പോലീസ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ നേരിട്ടിടപെട്ടത്. തുടര്‍ന്ന് വിചാരണയും മറ്റും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇതിന്‍രെ ഗൂഡാലോചനയിലും സേംഗറിന് യാതൊരു പങ്കുമില്ലെന്ന് വിവരിക്കുന്ന അന്തിമ റിപ്പോര്‍ട്ടാണ് നിലവില്‍ സിബിഐ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്. ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കപ്പെട്ടതിനാലാണ് വാഹനാപകടമുണ്ടായത്. ഊഹാപോഹങ്ങളുടെയും സംശയത്തിന്‍രെയും ബലത്തില്‍ ഉടലെടുത്ത ഒരു കഥമാത്രമാണിതെന്നുളള നിരീക്ഷണവും കോടതി പങ്കുവച്ചു.
ക്രിമിനല്‍ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ ക്ലീന്‍ ചിറ്റില്‍ വ്യക്തമാക്കിയട്ടുണ്ട്. ശാസ്‌ത്രീയ തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അപകടവുമായി ബന്ധപ്പെട്ട് മനപൂര്‍വമല്ലാത്ത നരഹത്യക്ക് ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തേക്കും. ബലാല്‍സംഗ കേസില്‍ ജീവ പര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സേംഗര്‍ നിലവില്‍ തീഹാര്‍ ജയിലിലാണുളളത്.