ഇടുക്കി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-2022ല്‍ ഉള്‍പ്പെടുത്തി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സഹകരണ ബാങ്കിന് കീഴില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശന പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. പള്ളിവാസല്‍ കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് ഓഫീസിന് മുകളില്‍ മഴമറ ക്രമീകരിച്ചായിരുന്നു പ്രദര്‍ശനപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിരുന്നത്. ബീന്‍സും വഴുതനയുമടക്കമുള്ള പച്ചക്കറികള്‍ ഇവിടെ നട്ട് പരിപാലിച്ച് പോന്നിരുന്നു. പച്ചക്കറികളുടെ വിളവെടുപ്പ് ദേവികുളം എംഎല്‍എ അഡ്വ. എ രാജ നിര്‍വ്വഹിച്ചു. പച്ചക്കറി ഉത്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിപ്പോരുന്നതെന്ന് എംഎല്‍എ പറഞ്ഞു. വിളവെടുപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി പദ്ധതി വിശദീകരണം നടത്തി.ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,ബാങ്ക് ഭാരവാഹികള്‍, കൃഷിവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.