മലയാളിയുടെ മരുന്ന്‌ ഉപഭോഗം കുറയുന്നു

തൊടുപുഴ : കോവിഡ്‌ കാലത്ത്‌ മരുന്നുവില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത്‌ ആയിരത്തോളം മരുന്നുവില്‍പ്പനശാലകള്‍ക്ക്‌ പൂട്ടുവീണതായി .റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലവും മാസ്‌ക്കും ജീവിതത്തിന്റെ ഭാഗമായതും പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ ഇല്ലാതായതും മരുന്നുകളെ അകറ്റി നിര്‍ത്താന്‍ സഹായിച്ചതാണ്‌ മലയാളിയുടെ മരുന്നുപയോഗം കുറയാന്‍കാരണം. എന്തിനും ഏതിനും മരുന്നുപയോഗിക്കുന്ന പ്രവണത ഇല്ലാതായി വരികയാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ്‌ കാലത്ത്‌ മരുന്നുവില്‍പ്പനയില്‍ 45 ശതമാനത്തോളം ഇടിവുണ്ടായതായിട്ടാണ്‌. വ്യാപാരികള്‍ പറയുന്നത്‌. .ആന്‍റി ബയോട്ടിക്കുകളും ശ്വാസകോശ, ശിശുരോഗങ്ങള്‍ക്കുളള മരുന്നുകളുമാണ്‌ മെഡിക്കല്‍ സ്‌റ്റോറുകളിലെ വില്‍പ്പനയുെടെ മുഖ്യപങ്കും. കുട്ടികള്‍ക്കുളള മരുന്നുമാത്രം ഒരുവര്‍ഷം 4000 കോടിയുടെ വില്‍പ്പനയാണ്‌ സംസ്ഥാനത്ത്‌ നടന്നിരുന്നത്‌. ഇത്‌1500 കോടിയായി കുറഞ്ഞു. ഓണ്‍ലൈന്‍ പഠനവുമായി കുട്ടികള്‍ വീട്ടിലൊതുങ്ങിയതോടെ ചികിത്സ തേടി ആശുപത്രികളിലെത്തുന്ന ശിശുക്കളുടെ എണ്ണവും കുറഞ്ഞതായി ശിശുരോഗ വിദഗ്‌ദര്‍ പറയുന്നു. മലിനീകരണവും പൊടിയും നിറഞ്ഞ അന്തരീക്ഷവുമായുളള ഇടപഴകല്‍ ഇല്ലാതായത്‌ കുട്ടികളുടെ ആരോഗ്യ സുരക്ഷക്ക് ഏറെ സഹായകമായിട്ടുണ്ട്‌.

രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം ,വൃക്കരോഗം തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ക്കുളള മരുന്നുകളുടെ വില്‍പ്പനയാണ്‌ ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്‌. ലോക്ക്‌ ഡൗണ്‍കാലത്തുപോലും മുടക്കമില്ലാതെ പ്രവര്‍ത്തിച്ചിട്ടും ചെലവും വരുമാനവും ഒത്തുപോകാത്തതാണ്‌ ആയിരത്തോളം മെഡിക്കല്‍ സ്‌റ്റോറുകള്‍ പൂട്ടാന്‍ കാരണമെന്ന്‌ ഓള്‍കേരള കെമിസ്‌റ്റ്‌സ്‌ ആന്റ്‌ ഡ്രഗ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ്‌ രാജു പറഞ്ഞു. ഡ്രഗ്ഗ്‌ ലൈസന്‍സുളള 25,000ത്തോളം മെഡിക്കല്‍ സ്‌റ്റോറുകളാണ്‌ സംസ്ഥാനത്തുളളത്‌. ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഓണ്‍ലൈനായി മരുന്നുവാങ്ങുന്നവരുടെ എണ്ണം കൂടിയതും സംസ്ഥാനത്തെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →