ബീജിംഗ്: കോവിഡിനെ നിയന്ത്രണത്തിലാക്കിയ ചൈന വീണ്ടും രോഗഭീതിയിൽ. ഉയര്‍ന്ന രോഗവ്യാപനം ശേഷിയും അപകട സാധ്യതയുമുള്ള ഡൽറ്റ വകഭേദമാണ് ചൈനയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത്. തലസ്ഥാനമായ ബീജിംഗിലും 15 നഗരങ്ങളിലും നിലവില്‍ രോഗവ്യാപനമുണ്ട്.
ദിനംപ്രതി കൊവിഡ് കേസുകള്‍ 30 കടക്കാത്ത ദിവസങ്ങളായിരുന്നു മുന്‍ ആഴ്ചകളില്‍ ചൈനയില്‍. എന്നാല്‍ ജൂലൈ 20 ന് നന്‍ജിങ് നഗരത്തിലെ എയര്‍പോര്‍ട്ടിലുണ്ടായ രോഗവ്യാപനത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നാണിത്. ഇത് രോഗവ്യാപനം മറ്റിടങ്ങിലേക്കെത്തുന്നതിന് കാരണമായി.
ഇതുവരെ സ്ഥിരീകരിച്ച 200 ലേറെ കൊവിഡ് കേസുകളുടെ ഉറവിടം ഈ എയര്‍പോര്‍ട്ടാണെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനമുള്ള ഇടങ്ങളില്‍ ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിയാന്‍ഗ്‌സു പ്രവിശ്യയുടെ തലസ്ഥാനമാണ് നന്‍ജിങ്. 90 ലക്ഷത്തിലേറെ ജനസംഖ്യയാണ് ഈ നഗരത്തിലുള്ളത്. നഗരത്തിലെ ലുകു എയര്‍പോര്‍ട്ടിലാണ് കഴിഞ്ഞ ആഴ്ച ഒരു ഡസനിലേറെ പേരില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്.
പിന്നാലെ ജൂലൈ 21 ന് നഗരത്തില്‍ കൂട്ട കൊവിഡ് പരിശോധന നടന്നു. കണ്ടെത്തിയ കേസുകളിലധികവും ഡെല്‍റ്റ വകഭേദമായിരുന്നു. കൂട്ട പരിശോധന, കൊവിഡ് ആശുപത്രികളുടെ ദ്രുദഗതിയിലുള്ള നിര്‍മാണം, വാക്‌സിനേഷന്‍ തുടങ്ങി കര്‍ശനമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് 2019 ഡിസംബറില്‍ വുഹാനിലുണ്ടായ കൊവിഡ് വ്യാപനത്തെ രാജ്യം നിയന്ത്രിച്ച് നിര്‍ത്തിയത്. എന്നാല്‍ ഇപ്പോഴുണ്ടായ രോഗ വ്യാപനം രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.