‘നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകി’; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ജപ്തി ചെയ്യാൻ ഉത്തരവ്

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ഐഎഎസിന്റെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോൺസൺ ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകിയ സംഭവത്തിലാണ് നടപടി.

പത്തനംതിട്ടയിലെ ബി-1, ഡി-1 റിങ് റോഡിന് വേണ്ടി സർക്കാർ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരക്കൽ പി ടി കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതിലാണ് വീഴ്ചയുണ്ടായത്.

2010 ജനുവരിയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് 2012 മാർച്ചിൽ കോടതി കൂടുതൽ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീൽ 2018-ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

എന്നാല്‍ തുടർന്നും നഷ്ടപരിഹാരം കെട്ടിവെയ്ക്കാൻ കാലതാമസം വരുത്തിയതോടെയാണ് നടപടി. 1,14,16,092 രൂപയാണ് കുടിശ്ശിക. അഡ്വ. അനിൽ പി നായർ, അഡ്വ. കെ പ്രവീൺ ബാബു എന്നിവർ മുഖാന്തരം നൽകിയ ഹർജിയിലാണ് ജപ്തി നടപടികൾക്ക് ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →