കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ സൈനികന്‍. അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍ അഹമ്മദ് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കിയെന്ന് ബിലാല്‍ പറഞ്ഞു. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ പറഞ്ഞു.
സ്പിന്‍ ബോല്‍ഡാക് എന്ന നഗരത്തില്‍ വെച്ചാണ് ഡാനിഷിന്റെ വാഹനത്തെ താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന സൈനികനെയും വെടിവെച്ചിടുകയായിരുന്നുവെന്നും ബിലാല്‍ പറയുന്നു.
ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഡാനിഷിന്റെ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റി. വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്കറിയാമായിരുന്നെന്നും ബിലാല്‍ പറഞ്ഞു.
അതേസമയം ബിലാലിന്റെ വാദങ്ങളെ താലിബാന്‍ നിഷേധിച്ചിരിക്കുകയാണ്. ഡാനിഷിന്റെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് താലിബാന്‍ വക്താവ് പറഞ്ഞതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ ഡാനിഷിനെ കൊന്നിട്ടില്ല. അയാള്‍ ശുത്രുസൈന്യത്തിന്റെ ഒപ്പമായിരുന്നു. ഇവിടെ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് വരണമെങ്കില്‍ ഞങ്ങളോടാണ് സംസാരിക്കേണ്ടത്,’ താലിബാന്‍ വക്താവ് പറഞ്ഞു.
ജൂലൈ 16ന് താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ വെടിവെപ്പിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. പുലിറ്റ്‌സര്‍ പ്രൈസ് ജേതാവും റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറുമായിരുന്നു ഡാനിഷ്.