തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്മാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂള്‍ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ആറ് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് അതത് ജില്ലകളിലെ ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സ്ത്രീധന നിരോധന നിയമം, ചട്ടങ്ങള്‍ പ്രകാരം നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്. സ്ത്രീധനം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. സമീപകാലത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍/ ഗാര്‍ഹിക പീഡനങ്ങള്‍, ഇവയെത്തുടര്‍ന്നുള്ള മരണങ്ങള്‍ എന്നിവ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്ത്രീധനമെന്ന അനാചാരത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും മുക്തരല്ലെന്നത് ലജ്ജിപ്പിക്കുന്നതാണെന്നും വകുപ്പ് ഉത്തരവില്‍ പറയുന്നു. എല്ലാ വകുപ്പ് മേധാവികള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.