വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും. വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്ന ബില്ലിനെതിരെ ഇടതുജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സംയുക്തമായി പ്രമേയം പാസാക്കാന്‍ തീരുമാനമെടുക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി 30/07/21 വെളളിയാഴ്ച അറിയിച്ചു.

ബില്ലിനെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളമടക്കം നിരവധി സംസ്ഥാനങ്ങളാണ് ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അന്യമാക്കുന്നതുമാണ് ബില്ലെന്നാണ് സംസ്ഥാനം ഉയര്‍ത്തുന്ന വാദം.

വൈദ്യുതി (ഭേദഗതി) നിയമത്തിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയിൽ ഒന്നിൽ കൂടുതൽ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്.

പാവപ്പെട്ടവരും സാധാരണക്കാരുമായ ഗാർഹിക ഉപഭോക്താക്കൾക്കും കാർഷിക- ചെറുകിട വ്യാവസായിക മേഖലകൾക്കും ക്രോസ് സബ്സിഡിയിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് ഇതോടെ ഇല്ലാതാവും. വൻ ലാഭം ലഭിക്കുന്ന വൻകിട ഉപഭോക്താക്കളെയും നഗര പ്രദേശങ്ങളെയും സ്വകാര്യ കമ്പനികൾക്ക് തട്ടിയെടുക്കുവാൻ കഴിയുമെന്നും പ്രതിഷേധിക്കുന്ന ജീവനക്കാര്‍ പ്രസ്താവിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം