പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന് നഷ്ടപ്പെട്ട വീഡിയോ ലാറിങ്ഗോസ്കോപ്പ് അതേ മുറിയിൽ തിരികെകൊണ്ടുവെച്ച നിലയിൽ കണ്ടെത്തി. ഉപകരണം പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു. പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഉപകരണം മോഷ്ടാവ് തിരികെ കൊണ്ടുവെച്ചത്. ജൂൺ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലമതിക്കുന്ന വീഡിയോ ലാറിങ്ഗോസ്കോപ്പ് കാണാതായത്. ഉപകരണം നഷ്ടപ്പെട്ട മുറിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് തടസ്സമായി. തിരിച്ചുകിട്ടിയ ഉപകരണത്തിന്റെ ഫൊറൻസിക് പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.