കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിൽ(44.4%), കൂടുതൽ മധ്യപ്രദേശിൽ(79%); സിറോ സർവേ ഫലം

ന്യൂഡൽഹി: വാക്സിൻ വഴിയോ രോഗം വന്നതുമൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ. നാലാമത് ദേശീയ സിറോ സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ചാണിത്. കേരളത്തിൽ 44.4 ശതമാനം പേർക്കു മാത്രമാണ് ഇത്തരത്തിൽ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്.

ജൂൺ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നാലാമത് ദേശീയ സിറോ സർവേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായിരുന്നു സിറോ സർവേ. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾ സിറോ പോസിറ്റീവ് ആയിട്ടുള്ളത്- 79 ശതമാനം. 11 സംസ്ഥാനങ്ങളിൽ സർവേയിൽ പങ്കെടുത്ത, കുറഞ്ഞത് മൂന്നിൽ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ വലിയൊരു ശതമാനം ആളുകൾക്കും ഇനി രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കുറഞ്ഞ സിറോ പോസിറ്റിവ് ശതമാനം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളിലെ വർധനയുടെ കാരണങ്ങളിലൊന്നും ഇതാണ്.

കൂടുതൽ കേസുകൾ ദീർഘകാലം റിപ്പോർട്ട് ചെയ്യപ്പെടുന്നതും കുറഞ്ഞ രോഗവ്യാപന നിരക്കും സൂചിപ്പിക്കുന്നത് രോഗബാധ കണ്ടെത്തുന്നതിൽ കേരളം മികച്ച പ്രകടനം നടത്തുന്നു എന്നതാണ്. രാജ്യത്ത് 26-പേരിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോൾ, കേരളത്തിൽ ഇത് അഞ്ചിൽ ഒരാൾക്കാണെന്ന് മുൻപ് നടന്ന സിറോ സർവേകളിൽ വ്യക്തമായിരുന്നു.

കേരളത്തിൽ 33 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുന്നു എന്ന കണക്കനുസരിച്ചാണെങ്കിൽ സംസ്ഥാനത്തെ 1.6 കോടിയാളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാം. അതായത് 3.6 കോടി ജനസംഖ്യയുള്ള കേരളത്തിലെ 45 ശതമാനം പേരെയും കോവിഡ് ബാധിച്ചിട്ടുണ്ടാകാം.

സിറോ സർവേ നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെ സിറോ പോസിറ്റീവ് നിരക്ക്:

രാജസ്ഥാൻ-76.2, ബിഹാർ-75.9, ഗുജറാത്ത്-75.3, ഛത്തീസ്ഗഢ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തർപ്രദേശ്-71, ആന്ധ്രപ്രദേശ്-70.2, കർണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1, പഞ്ചാബ്-66.5, തെലങ്കാന-63.1, ജമ്മുകശ്മീർ-63, ഹിമാചൽപ്രദേശ്-62, ജാർഖണ്ഡ്-61.2, പശ്ചിമബംഗാൾ-60.9, ഹരിയാണ-60.1, മഹാരാഷ്ട്ര-58, അസം-50.3
ദേശീയതലത്തിൽ നടത്തിയ സർവേയുടെ തുടർച്ചയായി എല്ലാ സംസ്ഥാനങ്ങളും ഐ.സി.എം.ആറുമായി ആലോചിച്ച് ജില്ലാതല സർവേകൾ നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ദേശീയതലത്തിൽ 67.6 ശതമാനം പേരിൽ കോവിഡ്-19 ന്റെ ആന്റിബോഡി ഉള്ളതായി കഴിഞ്ഞയാഴ്ച ഐ.സി.എം.ആർ. വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →