– ബ്ലോക്ക് പരിധിയില്‍ ആയിരം സംരംഭങ്ങള്‍ നടപ്പാക്കും
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങളെ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരം സംരംഭങ്ങള്‍ ബ്ലോക്ക് പരിധിയില്‍ നടപ്പാക്കും. വ്യക്തിഗത ആസ്തി വികസനം എന്ന വിഷയത്തില്‍ ബ്ലോക്കില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശില്‍പശാലയിലാണ് പദ്ധതി രൂപീകരിക്കാനുള്ള തീരുമാനം.
വ്യക്തിഗത ആസ്തി വികസനത്തില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. എല്ലാവര്‍ക്കും തൊഴില്‍ കാര്‍ഡ്, എല്ലാവരും സംരംഭകര്‍ എന്ന ലക്ഷ്യം കൈവരിക്കും.
തൊഴില്‍ പരിരക്ഷ (ലേബര്‍ പ്രമോഷന്‍)യാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ് ലേബേഴ്‌സിനെ ഇതിന്റെ ഭാഗമായി പരിശീലിപ്പിക്കും. ജനറല്‍ വിഭാഗത്തിന് നാലു ലക്ഷവും, പട്ടികജാതി വിഭാഗത്തിന് അഞ്ച് ലക്ഷവും പട്ടികവര്‍ഗ്ഗത്തിന് ആറ് ലക്ഷവും മെറ്റീരിയല്‍ ഗ്രാന്റും, ലേബര്‍ ചാര്‍ജും ലഭ്യമാക്കുന്ന തൊഴില്‍ സംരംഭകരെയും സൃഷ്ടിക്കും.
പശു, ആട്, കോഴി, പച്ചക്കറി, മീന്‍ കര്‍ഷകരെ സൃഷ്ടിച്ച് മാസം 15000 രൂപ അധിക വരുമാനം ഓരോ കുടുംബത്തിനും ലഭിക്കുന്ന വിധത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. അതിനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും രൂപീകരിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തില്‍ (എസ്. എഫ്.എ.സി.) ആശ്രയിച്ചായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടു പോകുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ നിലവിലുള്ള ആക്ഷന്‍ പ്ലാന്‍ പരിഷ്‌കരിക്കാനായി ഓഗസ്റ്റ് അഞ്ചിനകം എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക പഞ്ചായത്ത് യോഗവും വിളിച്ചുചേര്‍ക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ ഗ്രാമസഭകള്‍ ചേരും.
ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി, തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.ഡി. ഷിമ്മി, അനിതാ തിലകന്‍, സുധാ സുരേഷ്, എടക്കര ആഗ്രോ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ആര്‍. ജയകുമാരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. തോമസ്, ജോയിന്റ് സെക്രട്ടറി കെ. പി. ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു.