നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് ആണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

29/07/21 വ്യാഴാഴ്ച രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിഷ്ണു ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയിലില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം