തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ നടത്തുന്ന പൊതു ശൗചാലയം പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ ജില്ലാതല അവലോകന യോഗം നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെപ്റ്റംബർ ആദ്യവാരത്തിൽ സംസ്ഥാന തലത്തിൽ ഉദ്ഘാടനം നടത്തേണ്ട ജില്ലയിലെ പൊതു ശൗചാലയങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തി. നിലവിൽ കേരളത്തിൽ പദ്ധതി പൂർത്തിയാക്കുന്ന ജില്ലകളിൽ തൃശൂരിന് നാലാം സ്ഥാനമാണ്.
നിലവിലെ പ്രോജക്ടിൽ പ്രീമിയം മോഡൽ ശൗചാലയങ്ങൾ, കഫ്റ്റീരിയ, പാർക്ക് തുടങ്ങി വിവിധ സൗകര്യങ്ങളോടു കൂടിയവയുമുണ്ട്. കണ്ണാടി, ഹാൻഡ് വാഷ്, ആധുനിക ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ പൊതു ശൗചാലയങ്ങളിൽ ഉറപ്പുവരുത്തുന്നു. ആളൂർ, മറ്റത്തൂർ, പാണഞ്ചേരി, നടത്തറ, ചേലക്കര, കോർപ്പറേഷൻ, ചാവക്കാട്, വള്ളത്തോൾ നഗർ, വലപ്പാട്, കൊരട്ടി, ഇരിങ്ങാലക്കുട, നാട്ടിക, എളവള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി അവസാനഘട്ട നിർമ്മാണങ്ങളിലുള്ള 18 പൊതു ശൗചാലയങ്ങളുടെ പ്രവൃത്തികളാണ് വിലയിരുത്തിയത്.
പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത എന്നിവയെക്കുറിച്ച് അതത് പഞ്ചായത്ത്/ നഗരസഭ ഉദ്യോഗസ്ഥരുമായി ജില്ലാ കലക്ടർ ചർച്ച ചെയ്തു. 215 പൊതു ശൗചാലയങ്ങളാണ് പദ്ധതി പ്രകാരം നിർമിക്കുന്നത്. പൂർത്തിയായ 150 ശൗചാലയങ്ങളിൽ 28 എണ്ണം ആധുനിക രീതിയിൽ മികച്ച നിലവാരം ഉറപ്പുവരുത്തുന്നവയാണ്. യോഗത്തിൽ ശുചിത്വ മിഷൻ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ, പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.