കാസർഗോഡ്: പരിസര ശുചീകരണത്തിന് മാസ് കാമ്പയിൻ

കാസർഗോഡ്: ജൂലൈ 24ന് മാലിന്യ പരിപാലനത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യം നൽകി മാസ് ക്യാമ്പയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ പറഞ്ഞു. പകർച്ചവ്യാധി വ്യാപനം കൂടുന്ന സാഹചര്യത്തിൽ മാലിന്യ പരിപാലനവും പരിസര ശുചീകരണവും ഉറപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലാതല മേധാവികളും പഞ്ചായത്ത് ജീവനക്കാരും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സജീവമായി ഇടപെടണം. ഓഫീസുകളിൽ എല്ലാ വെളളിയാഴ്ച്ചകളും ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാസത്തിൽ ഒരിക്കൽ ഹരിതകർമ്മ സേനാംഗങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ വാതിൽപ്പടി ശേഖരണം നടത്തുമ്പോൾ സ്ഥാപനങ്ങൾ യൂസർഫീ നൽകണം. സർക്കാർ ജീവനക്കാർ പ്ലാസ്റ്റിക്ക് കൊണ്ടുള്ള പൊതിച്ചോറും പേപ്പർ ഗ്ലാസും ഒഴിവാക്കി കഴുകി ഉപയോഗിക്കുന്ന തരത്തിലുളള സ്റ്റീൽ പാത്രങ്ങൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ ഉപയോഗിക്കേണ്ടതാണ്. സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇവർ ആഴ്ച്ചയിൽ ഒരിക്കൽ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ വിലയിരുത്തണം. എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും മുൻ ഭാഗത്തും പുറകു ഭാഗത്തും ശുചീകരണം നടത്തി ഒഴിവുളള സ്ഥലങ്ങളിൽ പൂന്തോട്ടം നിർമ്മിക്കും. വീടുകളിൽ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം.

സിവിൽ സ്റ്റേഷനിലെ അക്ഷര ലൈബ്രറിയുടെ സമീപം ജൈവ മാലിന്യം നിക്ഷേപിക്കാൻ നിർമ്മിച്ച തുമ്പൂർമുഴി ഏയ്റോബിക്ക് ബിൻ ഉപയോഗപ്രദമാക്കാൻ എല്ലാ ജില്ലാതല മേധാവികളും നിർദേശം നൽക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എ ലക്ഷ്മി അറിയിച്ചു. സിക്ക, ഡെങ്കു, ചിക്കുൻ ഗുനിയ എന്നിവ കൊതുകുകൾ വഴി പടരുന്നതിനാൽ അവയെ  ഉറവിടത്തിൽ തന്നെ നശിപ്പിക്കണം. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പരിപാലിക്കണമെന്നും ഓവർ ഹെഡ് ടാങ്കുകളിലും ടെറസുകളിലും, സോക്കേജ് ചിറ്റുകളിലും ഡ്രയിനേജുകളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം ലക്ഷ്മി, ക്ലീൻ കേരള കമ്പനി മാനേജർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →