ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം മീരാ ഭായ് ചാനുവിന് സ്വര്‍ണ്ണത്തിന് സാധ്യത. ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ചൈനീസ് താരം ഴിഹ്വയ് ഹൂവിനോട് ഉത്തേജക പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് താരത്തോട് ഒളിമ്പിക് സിറ്റിയില്‍ നിന്ന് പുറത്തുപോകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിശോധനയില്‍ പരാജയപ്പെട്ടാല്‍ താരത്തെ അയോഗ്യയാക്കും. ഈ പശ്ചാത്തലത്തില്‍ ചൈനീസ് താരം പുറത്താകുകയാണെങ്കില്‍ മീരാബായി ചാനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിക്കും.
മത്സരത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.
അതേസമയം, 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഴിഹ്വയ് ഹൂ സ്വര്‍ണ്ണം നേടുകയായിരുന്നു. ഒളിമ്പിക്‌സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണനേട്ടം. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷയായിരുന്നു വെങ്കല മെഡല്‍ ജേതാവ്.
ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്. 21 വര്‍ഷത്തിന് ശേഷമായിരുന്നു ഈ മെഡല്‍നേട്ടം.