പത്തനംതിട്ട: വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കളക്ടറേറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 

അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ സ്‌നേഹ എസ്. നായര്‍ രണ്ടാം സ്ഥാനവും മാങ്കോട് ഗവ.എച്ച്എസ്എസിലെ ആദിത്യ എം. നായര്‍ മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസിലെ എസ്. ആരുഷ് ഒന്നാംസ്ഥാനവും സീതത്തോട് കെആര്‍പിഎംഎച്ച്എസ്എസിലെ കെ.എസ്. ആരതിമോള്‍ രണ്ടാം സ്ഥാനവും നിരണം എംഎസ്എം യുപി സ്‌കൂളിലെ ഷെല്‍ബി തോമസ് മൂന്നാംസ്ഥാനവും നേടി.

ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസി.എഡിറ്റര്‍ സി.ടി ജോണ്‍, സബ് എഡിറ്റര്‍ ശ്രീജി എസ്.ശ്രീധര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ സി.ആര്‍ വൈശാഖ്, പി.ശ്രീജിത്ത്, മുബീന എം.ഹനീഫ, ശ്വേത കാര്‍ത്തിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം