കോഴിക്കോട്: ജില്ലയിലെ ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പഠന സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നടപടികൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ഡിവൈസുള്ള ജില്ലയായി കോഴിക്കോടിനെ മാറ്റാൻ സാധിക്കുമെന്ന് മന്ത്രിമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി എം.എൽ.എ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൊതു ക്യാമ്പയിൻ സംഘടിപ്പിച്ച് വ്യക്‌തികളിൽ നിന്നും സ്‌ഥാപനങ്ങളിൽ നിന്നും സഹായം സ്വീകരിക്കും. ഇത് അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പഞ്ചായത്ത് പ്രസിഡന്റുമാർ അതത് പഞ്ചായത്തുകളിലെ ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഈ മാസം 29 നകം ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും സമർപ്പിക്കണം. റിപ്പോർട്ട് പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി പഞ്ചായത്ത്, വാർഡ് തല സമിതികൾ ചേരാനും യോഗത്തിൽ തീരുമാനമായി.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മിക്ക സ്‌ഥലങ്ങളിലും ഇന്റർനെറ്റ് ലഭിക്കാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങൾ ഉടൻ തന്നെ കണ്ടെത്തി അവ പരിഹരിക്കണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനി, സമഗ്ര ശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ.എ.കെ. അബ്ദുൽ ഹക്കീം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ ബി.മധു തുടങ്ങിയവർ പങ്കെടുത്തു.