റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളാണുള്ളത്, 219 സാക്ഷികളും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അത് മൂന്നര കോടിയായെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.

ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *