തമിഴ്നാട്ടുകാരിയെ കാട്ടാന കൊന്നാൽ വേറെ നീതിയോ?

സ്വന്തം കൃഷിയിടത്തിൽ പണിചെയ്യുകയായിരുന്ന തമിഴ് വംശജയായ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത് ശാന്തമ്പാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധമായി മാറുന്നു. ഭാഷാന്യൂനപക്ഷത്തോടുള്ള ഉദ്യോഗസ്ഥരുടെ അവഗണനയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വന്യജീവി ആക്രമണത്തിൽ മനുഷ്യൻ മരിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കണം. ഇത് കേവലം നിയമ നടപടി മാത്രമല്ല. മരിച്ച വ്യക്തിയോടും ആ കുടുംബത്തോടും പ്രകടിപ്പിക്കുന്ന ആദരവുകൂടിയാണ്.

Read more:: കൊല്ലപ്പെടുന്നത് തമിഴർ; ഉദ്യോഗസ്ഥ വിവേചനത്തിൽ വെറുപ്പ് കൂടുന്നു

21-07-21, ബുധനാഴ്ച ശാന്തമ്പാറയ്ക്കടുത്ത് തലക്കുളത്ത് വിമല ചിരഞ്ജീവി (40) എന്ന തമിഴ് വീട്ടമ്മയെ സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുമ്പോൾ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരോ വില്ലേജ് ഓഫീസർ മുതലുള്ള റവന്യു ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ല. മരിച്ച സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം പൊതിഞ്ഞുകെട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വന്യമൃഗങ്ങൾ കൊലപ്പെടുത്തിയാൽ എല്ലാവരും ആദരവർഹിക്കുന്നില്ലേ എന്ന സംശയം ശാന്തമ്പാറ പരിസര പ്രദേശങ്ങളിലെ നാട്ടുകാർ ചോദിക്കുന്നു.

Read more: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

തമിഴ് ഭാഷാന്യൂനപക്ഷമാണ് ഇവിടെ താമസിക്കുന്നവരിലധികവും. രണ്ടുനൂറ്റാണ്ടുമുമ്പ് തോട്ടംപണിക്ക് എത്തിയവരുടെ പിൻഗാമികളടക്കമുള്ളവരാണിവർ. ചെറുകിടകർഷകരും കൃഷിത്തൊഴിലാളികളും അടങ്ങിയ ഇവരാണ് കാട്ടാനയുടെ ആക്രമണത്തിന്റെ ഇരകളിലധികവും.

ശാന്തമ്പാറ, പൂപ്പാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ നിരന്തരം കാട്ടാനയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഒരുസംഭവത്തിലും ഉദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.തമിഴ് വംശജരാണ് കൊല്ലപ്പെടുന്നതിൽ ഭൂരിപക്ഷവും എന്ന ഉദാസീനത ഉദ്യോഗസ്ഥർക്കുണ്ടെന്ന് അവർ ആരോപിക്കുന്നു.

ജനവാസകേന്ദ്രത്തിൽ ആനയിറങ്ങി മനുഷ്യരെ കൊലപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സാഹചര്യം ഇല്ലാതാക്കാൻ ഇതുവരെ ഫലപ്രദമായ നടപടികളൊന്നുമെടുത്തിട്ടില്ല. ഏതൊരു മനുഷ്യന്റെ ജീവനും എന്തുവിലകൊടുത്തും സംരക്ഷിക്കാൻ വ്യഗ്രതയുള്ളവരാണ് ആധുനിക മനുഷ്യൻ. എന്നാൽ കാട്ടാനയുടെ ആക്രമണവും മരണവും പതിവായിട്ടും രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ വനംവകുപ്പുമേധാവികൾ സ്വീകരിച്ചിട്ടില്ല. കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോഴാണ് കൂടുതൽ ആക്രമണങ്ങളും ഉണ്ടായിട്ടുള്ളത്. വനവും കൃഷിയിടവും വേർതിരിക്കുകയും വന്യജീവികൾ കൃഷിയിടത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്താൽ ഒഴിവാക്കാവുന്ന മരണങ്ങളാണ് ആവർത്തിക്കുന്നത്. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തമിഴ് ന്യൂനപക്ഷത്തോടുള്ള അവഗണനയാണെന്ന ആക്ഷേപം മലയാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്കുണ്ട്.

Read more: കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയെ കൊന്നുhttps://samadarsi.com/2021/07/21/ss2107211/

തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കാര്യശേഷിയില്ലാത്ത വനംവകുപ്പുദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

അദ്ധ്യാപകനും പത്രപ്രവർത്തകനും ആയി പ്രവർത്തിച്ചിട്ടുള്ള ലേഖകൻ ഇപ്പോൾ വ്യാപാരിയും കർഷകനുമാണ്.
ഫോൺ :+91 6282021031

Share
അഭിപ്രായം എഴുതാം