പത്തനംതിട്ട: സ്ത്രീധനം വാങ്ങുകയില്ലെന്ന് തീരുമാനം എടുക്കേണ്ട സമയം: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

പത്തനംതിട്ട: സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ  വകുപ്പു മന്ത്രി  വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  അപരാജിതയുടെ ഭാഗമായ സേ നോ ടു ഡൗറി ബോധവത്കരണ പരിപാടികളുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് കാര്യാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
വിദ്യാസമ്പന്നരുടെ നാടായ കേരളത്തില്‍, ഈ കാലഘട്ടത്തില്‍ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടിവരുന്നു എന്നുള്ളത് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ ആധുനിക കാലഘട്ടത്തിലും സ്ത്രീധന പീഢനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് ലജ്ജാവഹമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം എന്ന ദുരാചാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും ആ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന്  മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരെയുള്ള ഈ ക്യാമ്പയിനില്‍ നാം ഓരോരുത്തരും പ്രചാരകരാകണമെന്നും ഏറ്റവും നല്ല മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പത്തനംതിട്ട ജില്ലയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സേ നോ ടു ഡൗറി പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുത്തവരും ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. അപരാജിതയുടെ നോഡല്‍ ഓഫീസറും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ ആര്‍. നിശാന്തിനി അധ്യക്ഷത വഹിച്ചു. ബോധവത്കരണ വീഡിയോയുടെ പ്രകാശനം ജില്ലാ അഡിഷണല്‍ പോലീസ് സുപ്രണ്ട് എന്‍. രാജന്‍ നിര്‍വഹിച്ചു.  ജില്ലാ പോലീസ് ഫോട്ടോഗ്രാഫര്‍ ജി. ജയദേവ കുമാര്‍ ആണ് ബോധവത്കരണ വീഡിയോ തയാറാക്കിയത്. 

ചടങ്ങില്‍ ബോധവത്കരണ ആല്‍ബത്തിന്റെ പ്രദര്‍ശവും  നടന്നു. കന്റോണ്‍മെന്റ് എസ്‌ഐ സി. മധുവിന്റെ നേതൃത്വത്തിലാണ് ആല്‍ബം തയാറാക്കിയത്. തുടര്‍ന്ന് സേ നോ ടു ഡൗറി എന്നെഴുതിയ വര്‍ണ ബലൂണുകള്‍ മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി എന്നിവര്‍ ചേര്‍ന്ന് ആകാശത്തേയ്ക്ക് പറത്തി.  ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ് കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അടൂര്‍ ഡിവൈഎസ്പി  ആര്‍. ബിനു, ജില്ലാ സി  ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ. ജോഫി, വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുത്തു.  

Share
അഭിപ്രായം എഴുതാം