കണ്ണൂർ: യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി ജില്ലാ പഞ്ചായത്ത്

കണ്ണൂർ: മാമ്പഴ ദിനത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 100 വ്യത്യസ്തയിനം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നാട്ടുമാവിന്‍ തോട്ടം പദ്ധതിയുടെ ഭാഗമായാണ് താവക്കര ക്യാമ്പസില്‍ സുഗതകുമാരി മാന്തോപ്പ് പദ്ധതി എന്ന പേരില്‍ അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെയുളള 100 നാട്ടുമാവിന്‍ തൈകള്‍ നട്ടത്.

ചെമ്പന്‍മധുരം, കൈത മധുരം, ഊറന്‍ മധുരം, പുളി ഊറന്‍, സിന്ദൂര പുളിയന്‍, ചുനയന്‍ മധുരം, വലിയ പുളിശ്ശേരിയന്‍, തത്തച്ചുണ്ടന്‍, മുണ്ടപ്പ, മധുരക്കോട്ടി തുടങ്ങി 100 വ്യത്യസ്തയിനം നാട്ടുമാവിന്‍ തൈകളാണ് നട്ടുപിട്ടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍ ഉള്‍പ്പെടെയുള്ള 50 കേന്ദ്രങ്ങളില്‍ മാന്തോപ്പുകള്‍ ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. നാട്ടുമാവുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണവും പ്രചാരണവുമാണ് പദ്ധതിയുടെ ഉദ്ദേശം. ജില്ലയെ കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കി മാറ്റുക എന്ന ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഇത്തരമൊരു മാന്തോപ്പിന്റെ നിര്‍മാണം. കൃഷി വകുപ്പിന്റെയും കണ്ണപുരം നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരിമ്പം ഫാമില്‍ നിന്നാണ് മാത്തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്.

താവക്കര ക്യാമ്പസില്‍ നടന്ന പരിപാടി സിനിമാതാരം സനല്‍ അമന്‍ മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, സി പി ഷിജു, സെക്രട്ടറി വി ചന്ദ്രന്‍, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് വി ലത, കരിമ്പം ഫാം സൂപ്രണ്ട് സ്മിത ഹരിദാസ്, കണ്ണപുരം നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ പ്രതിനിധി എം ഷൈജു  തുടങ്ങിയവര്‍ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം