ഗുരുവായൂര്‍ ക്ഷേത്രത്തിലെ ലോക്കറ്റ്‌ വില്‍പ്പന നടത്തിയ തുകയില്‍ വന്‍ കുറവ്‌ : ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ സ്വര്‍ണം, വെളളി ലോക്കറ്റുകള്‍ വില്‍പ്പന നടത്തി ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.5 ലക്ഷം രൂപയുടെ കുറവ്‌ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. പഞ്ചാബ്‌ നാഷണല്‍ ബാങ്കിലെ ക്ലര്‍ക്ക്‌ കോട്ടപ്പടി ആലുക്കല്‍ നട കൃഷ്‌ണ കൃപയില്‍ പിഐ നന്ദകുമാറാണ്‌ അറസ്റ്റിലായത്‌. ബാങ്ക്‌ പ്രതിനിധിയായി ക്ഷേത്രത്തിലെത്തി ലോക്കറ്റ് വിറ്റ വകയിലെ തുക ശേഖരിച്ച്‌ അക്കൗണ്ടിലടച്ചിരുന്നത്‌ നന്ദകുമാറാണ്‌.

ക്ഷേത്രത്തില്‍ നിന്ന്‌ ശേഖരിക്കുന്ന തുകയ്‌ക്ക് അപ്പോള്‍തന്നെ രസീത്‌ നല്‍കുകയും ചെയ്‌തിരുന്നു. ഇതില്‍ കൃത്രിമം കാണിച്ചാണ് പണം തട്ടിയെടുത്തിരുന്നത്‌. ക്ഷേത്രത്തില്‍ നിന്നും ശേഖരിച്ച്‌ രസീത്‌ നല്‍കിയിരുന്ന തുക ബാങ്കിലെ അക്കൗണ്ടില്‍ അടച്ചിരുന്നില്ല. താന്‍ ബാങ്കിനേയും ദേവസ്വത്തെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന്‌ പ്രതി പോലീസിനോട്‌ സമ്മതിച്ചു.

ദേവസ്വം ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ്‌ 27.5 ലക്ഷത്തിന്‍റെ കുറവ്‌ കണ്ടെത്തിയത്‌. സംഭവത്തെക്കുറിച്ച്‌ 2021 ജൂലൈ 19 തിങ്കളാഴ്‌ചയാണ്‌ ദേവസ്വം പോലീസില്‍ പരാതി നല്‍കിയത്‌. ചൊവ്വാഴ്‌ച ബാങ്കും പോലീസില്‍ പരാതി നല്‍കി. നഷ്ടപ്പെട്ട പണത്തില്‍ 16 ലക്ഷം രൂപ ബാങ്ക്‌ തിരിച്ചടച്ചിട്ടുണ്ട്‌. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക്‌ ബന്ധമുണ്ടോയെന്ന്‌ പരിശോധിച്ചുവരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം