കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി. ഈ ആവശ്യം ഉന്നയിച്ച് ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു.
ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.