ഏകദിന ക്രിക്കറ്റ്: ഇന്ത്യക്ക് ആവേശോജ്വല ജയം

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആവേശോജ്വലജയം. ദീപക് ചാഹറിന്റെ ഐതിഹാസിക ഇന്നിങ്സാണ് വിജയത്തിലേക്ക് പിടിച്ചുകയറ്റിയത്. 36-ാം ഓവറില്‍ 193 റണ്‍സിന് ഏഴുവിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ 82 പന്തില്‍ 69 റണ്‍സുമായി ദീപക് വിജയത്തിലേക്കു നയിച്ചു. 28 പന്തില്‍ 19 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ ദീപക്കിനു പിന്തുണ നല്‍കി. ആതിഥേയര്‍ മുന്നോട്ടുവച്ച ഒന്‍പതു വിക്കറ്റിന് 275 റണ്ണെന്ന സ്‌കോര്‍ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തില്‍ മറികടന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണു നല്‍കിയത്. ആദ്യ മൂന്നോവറില്‍ പിറന്നത് 28 റണ്‍. പൃഥ്വി ഷാ മൂന്നു ഫോറടക്കം 11 പന്തില്‍ 13 റണ്ണടിച്ചെങ്കിലും ഡിസില്‍വ കുറ്റിയെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ ഊഴമായിരുന്നു അടുത്തത്. ഒരുറണ്ണെടുത്ത കിഷനെ രജിത മടക്കി. മനീഷ് പാണ്ടെയുമൊത്ത് ടീമിനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ധവാന്‍ 38 പന്തില്‍ 29 റണ്ണുമായി കൂടാരം കയറി. സൂര്യകുമാര്‍ യാദവുമൊത്തുള്ള പാണ്ഡെ(31 പന്തില്‍ 37) യുടെ കൂട്ടുകെട്ട് പ്രതീക്ഷ പകര്‍ന്നെങ്കിലും പാണ്ഡെ റണ്ണൗട്ടായതു കളിയുടെ ഗതിമാറ്റി. നാലുവിക്കറ്റിന് 116 റണ്ണെന്ന സ്‌കോറില്‍ ഹാര്‍ദിക് പാണ്ഡ്യ പൂജ്യനായി മടങ്ങിയത് ഇരട്ടപ്രഹരമായി. അര്‍ധസെഞ്ചുറി കുറിച്ചതിനുപിന്നാലെ സൂര്യകുമാര്‍ യാദവ് (53) പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. വാലറ്റത്ത് കൃണാല്‍ പാണ്ഡ്യ (35) തരക്കേടില്ലാതെ ബാറ്റ്വീശി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കം നല്‍കി. അവിഷ്‌ക ഫെര്‍ണാണ്ടോയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മിനോദ് ഭാനുകയും ചേര്‍ന്ന കൂട്ടുകെട്ട് 13.2 ഓവറില്‍ 77 റണ്ണടിച്ചു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും വിക്കറ്റെടുക്കുന്നതില്‍ പിന്നിലായപ്പോള്‍ പതിവുപോലെ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനു രക്ഷകനായി. 42 പന്തില്‍ 36 റണ്ണടിച്ച ഭാനുകയെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ച് ചാഹല്‍ ബ്രേക്ക്ത്രൂ നല്‍കി. അടുത്ത പന്തില്‍ വണ്‍ഡൗണായിറങ്ങിയ ഭാനുക രജപക്സയെ ഇഷാന്‍ കിഷന്‍ പിടികൂടിയതോടെ ചാഹല്‍ ഹാട്രിക്കിനരികിലെത്തി. നാലാമനായെത്തിയ ധനഞ്ജയ ഡിസില്‍വയ്ക്കൊപ്പം ഫെര്‍ണാണ്ടോ ലങ്കന്‍ ഇന്നിങ്സ് നേരേയാക്കി. ഏകദിന കരിയറിലെ നാലാം അര്‍ധസെഞ്ചുറി പിന്നിട്ടയുടന്‍ ഫെര്‍ണാണ്ടോ വീണു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കൃണാല്‍ പാണ്ഡ്യ ക്യാച്ചെടുത്തു. ടീം സ്‌കോറില്‍ 10 റണ്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഡിസില്‍വ (32) യെ ദീപക് ചാഹര്‍ മടക്കി. ധവാന്‍ ക്യാച്ചെടുത്തു. ഇതോടെ ലങ്ക നാലിന് 134 റണ്ണെന്ന നിലയിലായി. ക്യാപ്റ്റന്‍ ദാസൂന്‍ ഷനക (16), വാനിന്ദു ഹസരംഗ (എട്ട്) എന്നിവര്‍ പെട്ടെന്നു മടങ്ങിയെങ്കിലും മധ്യനിരയില്‍ ചരിത് അസലങ്കയുടെ കന്നി അര്‍ധസെഞ്ചുറി (68 പന്തില്‍ 65)യും ചാമിക കരുണരത്നെയുടെ വെടിക്കെട്ടും (33 പന്തില്‍ പുറത്താകാതെ 44) ആതിഥേയരെ ഒന്‍പതു വിക്കറ്റിന് 275 റണ്ണിലെത്തിച്ചു.

ദുഷ്മന്ത ചമീര (രണ്ട്), ലക്ഷന്‍ സന്ദകന്‍ (പൂജ്യം) എന്നിവര്‍ വന്നതുപോലെ മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ യുസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Share
അഭിപ്രായം എഴുതാം