ഗോള്‍ഡന്‍ സ്ലാമിനായി ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ നോവാക് ജോക്കോവിച്ച്

ബെല്‍ഗ്രേഡ്: ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ നേട്ടമിട്ട് ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ച്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാമുകള്‍ നേടാന്‍ ജോക്കോയ്ക്കായി. ഒളിമ്പിക് സ്വര്‍ണവും പിന്നാലെ നടക്കുന്ന യു.എസ്. ഓപ്പണില്‍ കിരീടവും നേടുകയാണു ജോക്കോയുടെ ലക്ഷ്യം. നാലു ഗ്രാന്‍സ്ലാമുകളും ഒളിമ്പിക്സ് സ്വര്‍ണവും ഒരേ വര്‍ഷം നേടാന്‍ ഇതുവരെ പുരുഷ താരങ്ങള്‍ക്കായില്ല.കഴിഞ്ഞയാഴ്ച വിമ്പിള്‍ഡണ്‍ കിരീടം നേടിയതിനു പിന്നാലെ താന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പകുതി സാധ്യത മാത്രമേയുള്ളെന്നു ജോക്കോ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സിനു നാട്ടുകാരായ കാണികളെയും അനുവദിക്കേണ്ടെന്നു സംഘാടക സമിതി നിലപാടെടുത്തതോടെയാണു ജോക്കോയുടെ താല്‍പര്യം കുറഞ്ഞത്.

ഇതിനു പിന്നാലെയാണ് ടോക്കിയോയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തെന്ന് ജോക്കോ ഇന്നലെ ട്വീറ്റ് ചെയ്തത്.ജര്‍മനിയുടെ മുന്‍ വനിതാ ലോക ഒന്നാം നമ്പര്‍ സ്റ്റെഫി ഗ്രാഫിനു മാത്രമാണു ഗോള്‍ഡന്‍ സ്ലാം കുറിക്കാനായത്. 1988 ലായിരുന്നു സ്റ്റെഫി ഗോള്‍ഡന്‍ സ്ലാം കുറിച്ചത്. 2008 ലെ ബെയ്ജിങ് ഗെയിംസില്‍ വെങ്കലം നേടിയതാണു ജോക്കോയുടെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം.

സെര്‍ബിയയ്ക്കു വേണ്ടി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കുന്നതായും നമ്പര്‍ താരം ട്വീറ്റ് ചെയ്തു. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും സെറീന വില്യംസും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം