പത്തനംതിട്ട: എസ്.എസ്.കെ യുടെ സംസ്ഥാനത്തെ ആദ്യ മാതൃകാ പ്രീ-സ്‌കൂള്‍ അറന്തകുളങ്ങരയില്‍

പത്തനംതിട്ട: ശിശുസൗഹൃദ പഠനാന്തരീക്ഷം, ശാരീരിക, ചാലക, സാമൂഹിക വികസനത്തിനു പറ്റിയ സ്‌കൂള്‍ പരിസരം, കൂടാതെ അക്കാദമികവും ഭൗതികവുമായ അന്തരീക്ഷം. അറന്തകുളങ്ങരയില്‍ പൂര്‍ണ്ണമായ പത്തനംതിട്ട സമഗ്രശിക്ഷാ കേരളയുടെ പ്രീ-സ്‌കൂളിന്റെ പ്രത്യേകതകളാണ് ഇതെല്ലാം. സംസ്ഥാനത്തെ തന്നെ ആദ്യ മാതൃക പ്രീ-സ്‌കൂളാണ് ജില്ലയില്‍ പൂര്‍ത്തിയായിരിക്കുന്നത്.

 കമനീയമായ കവാടവും ശാരീരിക, ചാലകശേഷി വികസിപ്പിക്കാനും സംഘബോധം നിര്‍മ്മിക്കാനും മുറ്റത്തെ അത്തിമരത്തിലെ ഏറുമാടവും, പ്രകൃതിയുമായി ആത്മബന്ധം വളര്‍ത്താന്‍ മരച്ചുവട്ടില്‍ ഇരിപ്പിടവും പരിസരം പഠനോപകരണമായി ഉപയോഗപദമായ രീതിയിലും,

പ്രകൃതിനിരീക്ഷണത്തിനായി പൂന്തോട്ടവും രുചിവനവും എല്ലാം അറന്തകുളങ്ങര പ്രീ-സ്‌കൂളിലുണ്ട്.

 പ്രീ-സ്‌കൂള്‍ പാഠ്യപദ്ധതി പ്രകാരമുള്ള ശേഷികള്‍ ആര്‍ജ്ജിക്കുന്നതിനു സഹായകമായ അക്കാദമിക വിഭവങ്ങള്‍ എല്ലാം ഇവിടെ സജ്ജീകരിച്ചു കഴിഞ്ഞു. മൂന്നു വര്‍ഷക്കാലമായുള്ള സമഗ്രശിക്ഷ കേരളയുടെ അവസ്ഥാപഠനത്തിലൂടെ ആശയരൂപീകരണം നടത്തി രൂപം കൊടുത്ത മാതൃകാ പ്രീ-സ്‌കൂളാണ് ജില്ലയില്‍ രൂപംകൊണ്ടത്.  ജില്ലയില്‍ വിദ്യാഭ്യാസ വിദഗ്ധരായ ഡോ.ടി.പി കലാധരന്‍, ഡോ.ആര്‍.വിജയമോഹനന്‍, സംസ്ഥാന ഓഫീസര്‍ അമുല്‍റോയ് എന്നിവരുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് മാതൃകാ പ്രീ-സ്‌കൂള്‍ കേരളത്തിലെ മാതൃകയായി ജില്ലയില്‍ സക്ഷാത്കരിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.എ.സിന്ധു. അക്കാദമികവും ഭൗതികവുമായ രണ്ടു മേഖലകളായി തിരിച്ച് എസ്.എസ്.കെ നല്‍കിയ 15 ലക്ഷം രൂപയിലാണ് സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായത്. ത്രിതല പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ഇനിയും സമഗ്രവികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്തിലെയും ജില്ലയിലെ മുഴുവന്‍ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്കും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

കുട്ടികളുടെ വിവിധങ്ങളായ ശേഷികള്‍ വികസിപ്പിക്കാന്‍ ഏഴ് കോര്‍ണറുകള്‍ പ്രീ- സ്‌കൂള്‍ സജ്ജമാക്കിയിട്ടുണ്ട്. വായനയുടെ പുതുലോകത്തിലേക്ക് വായനാമൂല, നടിക്കാനും പഠിക്കാനും അഭിനയമൂല, ഗണിതമൂല, ശാസ്ത്രമൂല, സംഗീതമൂല, ചിത്രകലാമൂല, നിര്‍മ്മാണമൂല എന്നിവ കൂടാതെ എസ്.സി.ഇ.ആര്‍.ടിയുടെ കളിപ്പാട്ടം പുസ്തകത്തിലെ തീമുകള്‍ക്കനുസരിച്ച് കുട്ടിയ്ക്ക് തന്നെ ചിത്രീകരണ സാധ്യത ഒരുക്കുന്ന തീമാറ്റിക് ബോര്‍ഡ് പഠനനേട്ടത്തിന്റെ ഒരു സവിശേഷതയാണ്. കുട്ടിക്ക് ഇതിലൂടെ പഞ്ചേന്ദ്രിയ അനുഭവം പ്രധാനം ചെയ്യും.

ഭാവനയില്‍ സങ്കല്‍പ്പിക്കുന്ന വസ്തുക്കളെ ചിത്രീകരിക്കുന്നതിനുള്ള കഴിവു വളര്‍ത്താനും വാചികശേഷി പ്രകടമാക്കാനും മണല്‍ത്തടവും നിര്‍മ്മിച്ചിട്ടുണ്ട്. ശാസ്ത്രകൗതുകത്തിലൂടെ ശാസ്ത്രനൈപുണികള്‍ക്ക് അടിത്തറയിടാന്‍ സൂഷ്മദര്‍ശിനികള്‍, പസിലുകള്‍, ജീവജാലങ്ങളുടെ മാതൃകകള്‍ തുടങ്ങിയവയും അറന്തക്കുളങ്ങര പ്രീ-പ്രൈമറി സ്‌കൂളില്‍  നിര്‍മ്മിച്ചിട്ടുണ്ട്. 

Share
അഭിപ്രായം എഴുതാം