ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കാണ്ഡഹാർ: പ്രശസ്ത ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റർ പുരസ്കാര ജേതാവാണ്. റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയതിനാണ് 2018ൽ പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്.

കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽഡാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാൻ പൊലീസ് ഓഫിസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നു.

അഫ്ഗാൻ സേനയുടെ വാഹനങ്ങളെ താലിബാൻ റോക്കറ്റുകൾ ലക്ഷ്യം വയ്ക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോർട്ട് മൂന്നു ദിവസം മുൻപാണ് പുറത്തുവന്നത്.

Share
അഭിപ്രായം എഴുതാം