കോഴിക്കോട്: പാലുത്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയം പര്യാപ്തമാവും: മന്ത്രി ജെ.ചിഞ്ചുറാണി

കോഴിക്കോട്: പാലുത്പ്പാദനത്തില്‍ രണ്ട്  വര്‍ഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ-മുട്ട ഉത്പാദനത്തിലും സമീപ ഭാവിയില്‍ തന്നെ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ക്ഷീരോത്പ്പാദന  മേഖലയിലേക്ക് യുവാക്കള്‍  കൂടുതലായി കടന്നു വരുന്നത് ആശാവഹമാണ്. ക്ഷീര കര്‍ഷകര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി അവരെ സഹായിക്കുന്ന നിലപാടാണ് മില്‍മയും സര്‍ക്കാരും കൈക്കൊള്ളുന്നത്. ക്ഷീര കര്‍ഷരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ മില്‍മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ നിലപാടുകളെടുത്ത് മില്‍മയെ വളര്‍ത്തിക്കൊണ്ടു വരുവാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഗുണനിലവാരം കുറഞ്ഞ പാലുകള്‍ മില്‍മയെ അനുകരിക്കുന്ന രീതിയില്‍ കേരളത്തില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഇതിനെ എങ്ങിനെ നിയന്ത്രിക്കാം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗുണമേന്മയുള്ള കലര്‍പ്പില്ലാത്ത പാലാണ് മില്‍മ നല്‍കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ തനതായ മില്‍മ ഉത്പ്പന്നങ്ങളെ സ്വീകരിച്ച്  ഗുണമേന്മ കുറഞ്ഞ പാലും പാലുത്പ്പന്നങ്ങളും വെടിയാന്‍ എല്ലാവരും തയ്യാറാവണം. പനീര്‍ വ്യാപകമായി ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. ഇതിനായി 10 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലപ്പുറത്ത് മൂര്‍ക്കനാട് മില്‍മ സ്ഥാപിക്കുന്ന പാല്‍പ്പൊടി നിര്‍മാണ കേന്ദ്രത്തിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഒരു വര്‍ഷത്തിനകം പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും മലബാര്‍ യൂണിയനെ അടുത്തറിയാനും വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ആരംഭിച്ചത്. 1800 88 9020 ആണ് ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് നമ്പര്‍. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ കസ്റ്റമര്‍ കെയര്‍ സേവനം ലഭ്യമാണ്.

ചടങ്ങില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫെഡറേഷന്റെ (എംആര്‍ഡിഎഫ്) ധനസഹായ വിതരണം മുഖ്യാതിഥിയായ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജ് കുട്ടി,  ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ രശ്മി, മില്‍മ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനെജര്‍ ഡി.എസ്. കോണ്ട, ടി.വി. ബാലന്‍, അനില്‍ ഗോപിനാഥ്, മലബാര്‍ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മില്‍മ മലബാര്‍ മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.മുരളി സ്വാഗതവും ഭരണ സമിതിയംഗം പി.അനിത നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം