മാസ്റ്റര്‍കാര്‍ഡിന് ആര്‍.ബി.ഐയുടെ വിലക്ക്: ഇന്ത്യന്‍ ബാങ്കിങിന് തിരിച്ചടിയാവുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: ആഗോള കാര്‍ഡ് ശൃംഖലയായ മാസ്റ്റര്‍കാര്‍ഡിന് ഇന്ത്യയില്‍ ആര്‍.ബി.ഐയുടെ വിലക്ക്. ഈ മാസം 22 മുതല്‍ പുതിയ കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നതിനാണു വിലക്ക്. മതിയായ സമയം അനുവദിച്ചിട്ടും പേമെന്റ് സിസ്റ്റം ഡേറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.മാസ്റ്റര്‍ കാര്‍ഡിനു വിലക്കേര്‍പ്പെടുത്തിയത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ഒന്നടങ്കം ബാധിക്കുമെന്നാണു വിദഗ്ധരുടെ പക്ഷം. ബാങ്കുകളുടെ വരുമാനത്തെ ഇതു പ്രതികൂലമായി ബാധിക്കും. കൂടാതെ ഇടപാടുകള്‍ തടസപ്പെടാനും ഇതു വഴിവയ്ക്കും.അമേരിക്കന്‍ എക്സ്പ്രസും ഏപ്രിലില്‍ സമാന നടപടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതു മാസ്റ്റര്‍ കാര്‍ഡിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ആണെന്നതാണു കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.നിലവിലെ മാസ്റ്റര്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസം നേരിടില്ല. എന്നാല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ ശേഖരിച്ചു സൂക്ഷിക്കണമെന്ന ആര്‍.ബി.ഐയുടെ 2018ലെ നിര്‍ദേശമാണ് മാസ്റ്റര്‍ കാര്‍ഡ് ലംഘിച്ചതായി കണ്ടെത്തിയത്. അതേസമയം മാസ്റ്റര്‍ കാര്‍ഡിന് ഏര്‍പ്പെടുത്തിയ വിലക്ക് എതിരാളികള്‍ക്കു നേട്ടമാകും.

Share
അഭിപ്രായം എഴുതാം