മെസി ബാഴ്സയില്‍ തുടരും

നൗക്യാമ്പ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ തുടരുന്നതിനായി അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു. അതേസമയം, പുതിയ കരാര്‍ അംഗീകരിക്കുന്നതിനു ലാലിഗ അധികൃതര്‍ മുന്നോട്ടുവച്ച സാങ്കേതിക തടസം മറികടക്കാന്‍ വേതനത്തില്‍ മെസി കുറവ് വരുത്തിയിട്ടുണ്ടെന്നാണ് വിവരം. നൗക്യാമ്പില്‍ തുടരാന്‍ കഴിഞ്ഞതവണ ഒപ്പിട്ട അഞ്ചുവര്‍ഷ കരാര്‍ പ്രകാരം മെസിക്ക് 550 ദശലക്ഷം യൂറോ( ഒരു സീസണില്‍ 75 ദശലക്ഷം യൂറോവീതം) യായിരുന്നു പ്രതിഫലം. ഇത് പകുതിയായി കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഫലത്തുകയും കരാര്‍ വ്യവസ്ഥകളും അടക്കം പുറത്തുവിട്ട് വൈകാതെ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ മെസിയും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ അവസാനിച്ചിരുന്നു. ഫ്രീ ട്രാന്‍സ്ഫറില്‍ മെസി ബാഴ്സലോണ വിടുമെന്ന അഭ്യൂഹം ശക്തമായതോടെ ക്ലബ് ഫുട്ബോളിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി. ഉള്‍പ്പെടെയുള്ളവര്‍ ഇതിഹാസതാരത്തിനായി രംഗത്തെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം