എറണാകുളത്തെ ട്രാൻസ് ജന്റർ വ്യക്തികളും കോവിഡ് പ്രതിരോധത്തിലേക്ക്

എറണാകുളം: സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ട്രാൻസ് ജന്റർ വ്യക്തികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. 14.07.21 ബുധനാഴ്ച കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലുള്ള എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ട്രാൻസ് ജന്റർ തിരിച്ചറിയൽ കാർഡ് സ്വീകരിച്ച ജില്ലയാണ് എറണാകുളം. മറ്റു ജില്ലയിൽ നിന്നുള്ള നിരവധി ട്രാൻസ് വ്യക്തികളും എറണാകുളത്ത് താമസിച്ചു വരുന്നു. ആധാർ കാർഡ് / തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉള്ള എല്ലാ ട്രാൻസ് വ്യക്തികൾക്കും ക്യാമ്പിൽ വെച്ച് വാക്സിനേഷൻ നൽകുമെന്നും താത്പര്യമുള്ള ട്രാൻസ് വ്യക്തികൾ രാവിലെ 9.30 ന് രജിസ്റ്റർ ചെയ്യണമെന്നും ജില്ലാ സമൂഹ്യ നീതി ഓഫീസർ സുബൈർ കെ. കെ അറിയിച്ചു. 

ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ ഐ. എ.എസ് നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ അധ്യക്ഷനാവും. ഡിവിഷൻ കൗൺസലർ മനു ജേക്കബ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സുബൈർ കെ.കെ, ജില്ലാ പ്രൊബേഷൻ ഓഫീസർ ഷംനാദ് വി.എ, എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ, ട്രാൻസ് ജന്റർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ശീതൾ ശ്യാം, സൂര്യ ഇഷാൻ, നവാസ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ മൊബൈൽ വാക്സിനേഷൻ ടീം കോഓർഡിനേറ്റർ രാജേഷ് എൻ എം ക്യാമ്പിന് നേതൃത്വം നൽകും.

Share
അഭിപ്രായം എഴുതാം