പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള അനുമതി പുനസ്ഥാപിക്കണം. ഉദ്യോഗസ്ഥരുടെ കർഷക ദ്രോഹം അവസാനിപ്പിക്കണം. കിസാൻ സഭ പ്രക്ഷോഭത്തിന്

കട്ടപ്പന : പട്ടയ ഭൂമിയിൽ കർഷകൻ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കുവാൻ നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്നും മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ ഇടുക്കി ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് കട്ടപ്പനയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിന്റെ ഉള്ളടക്കം ഇനി പറയും പ്രകാരമാണ്.

2020 ഒക്ടോബർ 24ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന് മാറ്റമില്ലാതെ നടപ്പാക്കണമെന്നും 02-02- 2021 പിൻവലിച്ച നടപടി ഉത്തരവ് റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രത്യേക സമരപരിപാടി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂലൈ 13, 14 തീയതികളിലായി സത്യാഗ്രഹ സമര പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. കൂടാതെ ജൂലൈ പതിനാറാം തീയതി മുതൽ ഓൺലൈനായി ബഹുമാനപ്പെട്ട ഗവർണർ, മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് ആയിരക്കണക്കിന് കർഷകരുടെ നിവേദനം അയയ്ക്കും.

കൃഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവ് ഇറക്കിയ എൽഡിഎഫ് സർക്കാരിനെയും വിശേഷിച്ച് വനം, റവന്യൂ മന്ത്രിമാരെയും ആക്ഷേപിക്കുന്നതിനു ഒരുകൂട്ടർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. മരംമുറി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഗവൺമെൻറ് കാലത്ത് 10 സർവകക്ഷി യോഗങ്ങൾ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് നടത്തുകയുണ്ടായി. ഈ യോഗങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് . എൻഡിഎ മുന്നണികളിലെ കക്ഷികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ 7 യോഗങ്ങളിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ് അധ്യക്ഷനായത്. അവിടെ ഉയർന്നു വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത്. ചില റവന്യൂ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരമായി കർഷകരെ ദ്രോഹിക്കുന്നതിനാലാണ് ആവശ്യമില്ലാത്ത ഉദ്യോഗസ്ഥർ ഈ കാര്യത്തിൽ ഇടപെട്ട് തടസമുണ്ടാകരുതെന്ന് ഉത്തരവിൽ പറയേണ്ടി വന്നത്.

വസ്തുതകൾ ഇതായിരിക്കെ കേരളത്തിലെ 13 ജില്ലകളിലും അധിവസിക്കുന്ന മലയോര കർഷകനെ റവന്യൂ ഭൂമി കയ്യേറ്റക്കാരും വനം കയ്യേറ്റക്കാരും ആയി ചിത്രീകരിക്കുകയാണ്. വനംവകുപ്പിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ അന്തർദേശീയ ഗൂഢാലോചനയിൽ പങ്കാളികളായവരുമാണ് ഈ കർഷകദ്രോഹത്തിന് പിന്നിൽ. കൃഷിക്കാർക്ക് ആനുകൂല്യങ്ങളോ സാമ്പത്തിക സഹായങ്ങളോ നൽകിയാൽ അതിനെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നവർ കർഷക ദ്രോഹികളും നാടിൻറെ ശത്രുക്കളുമാണ്.

പത്രസമ്മേളനത്തിൽ മാത്യൂ വർഗീസ്, ടി സി കുര്യൻ, ജോയി വടക്കേടം, പിഎസ് നെപ്പോളിയൻ, കെ ആർ ഷാജി എന്നിവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം