കൊല്ലം: കടലോര പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും

കൊല്ലം: തീരസംരക്ഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച കടലോര പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എ.ഡി.എം. എന്‍. സാജിത ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കടലോര ജാഗ്രതാ സമിതിയുടെ ജില്ലാതല ഗൂഗിള്‍ അവലോകന യോഗത്തിലാണ് തീരുമാനം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയിലെ ഒമ്പത് തീരദേശ പോലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. എല്ലാ മാസവും  കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും സമിതി യോഗം ചേരാനും തീരുമാനമായി. കടലിലും കായലിലും തീരപ്രദേശങ്ങളിലും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെയും യാനങ്ങളെയും ചരക്ക് നീക്കത്തെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ സമിതി അംഗങ്ങള്‍ക്ക് ഐ.എസ്.എച്ച്.ഒമാര്‍ മുഖേന നിര്‍ദ്ദേശം നല്‍കും.

കടലോര മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ഹാര്‍ബറുകളില്‍ കോവിഡ് മാനദണ്ഡ പാലനം ഉറപ്പുവരുത്തണം. തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കും. മദ്യം-മയക്കുമരുന്ന്, മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും. കൃത്യമായ മാനദണ്ഡ പാലനത്തിലൂടെ ഹാര്‍ബറുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഹാര്‍ബറുകളിലേക്ക് പ്രവേശനമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ അറിയിച്ചു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, കോസ്റ്റ് ഗാര്‍ഡ്,  കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം