തിരുവനന്തപുരം: സർക്കാർ ഡയറി: വിവരങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം

തിരുവനന്തപുരം: 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ സർക്കാർ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓൺലൈനായി ഉൾപ്പെടുത്തണം. അവരവർക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച്  https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ  www.gad.kerala.gov.in  വെബ്സൈറ്റിലൂടെയോ വിവരങ്ങൾ ചേർക്കാം. 2021 ലെ ഡയറിയിൽ ഉൾപ്പെട്ട പദവികൾ സംബന്ധിച്ച വിശദാംശങ്ങൾ മാത്രമേ 2022 ലെ ഡയറിക്കായി ഓൺലൈനിലൂടെ സമർപ്പിക്കാവൂ. രാജ്ഭവൻ, മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും ഓഫീസുകൾ, സ്പീക്കറുടെ ഓഫീസ്, പ്രതിപക്ഷനേതാവിന്റെ ഓഫീസ്, ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എന്നിവയുടെ വിശദാംശങ്ങൾ അതത് ഓഫീസുകളിൽനിന്ന് നേരിട്ട് ഓൺലൈനായി നൽകണം. സെക്രട്ടേറിയറ്റിലെ അതത് വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി മുതൽ സെക്രട്ടറിതലം വരെയുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ അതത് വകുപ്പിലെ കൺസോളിഡേഷൻ സെക്ഷൻ ഓൺലൈനായി നൽകണം.

എം.പിമാരുടെ വിശദാംശങ്ങളും ന്യൂഡൽഹിയിലെ കേരള സർക്കാർ ഓഫീസുകളുടെ വിശദാംശങ്ങളും റസിഡന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ഓൺലൈനായി നൽകണം. ജില്ലാ ഓഫീസുകളുടെ വിശദാംശങ്ങൾ അതത് ജില്ലാ കളക്ടർമാരുടെ ഓഫീസിൽനിന്ന് ഓൺലൈനായി ലഭ്യമാക്കണം. വിശദാംശങ്ങളിൽ മാറ്റങ്ങളില്ലാത്ത വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ലോഗിൻചെയ്ത് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി അപ്ഡേറ്റ് ചെയ്യണം. തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ ചെയ്ത് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കി അപ്ഡേറ്റ് ചെയ്തശേഷമേ ഡാറ്റാ ഫ്രീസ് ചെയ്യണമോ എന്ന ഫീൽഡിൽ ‘യെസ്’ ബട്ടൺ ക്ലിക്ക് ചെയ്യാവൂ.
ഡയറിയിൽ വിവരങ്ങൾ ഉൾപ്പെടുത്താറുള്ള കീഴ്ഓഫീസുകളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് എല്ലാ വകുപ്പ് മേധാവികളും ഓഫീസ് മേധാവികളും ഉറപ്പാക്കണം.

ഓൺലൈനിൽ വിവരങ്ങൾ നൽകുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായാൽ ഹെൽപ്പ്ലൈൻ നമ്പരായ 0471-2518120 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയിൽവഴിയോ പരിഹാരം തേടാം. 2021 ലെ സർക്കാർ ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ളതും യൂസർനെയിമും പാസ്വേഡും ലഭ്യമായിട്ടില്ലാത്തതുമായ സ്ഥാപനങ്ങളും ഓഫീസുകളും പൊതുഭരണ (ഏകോപനം) വകുപ്പുമായി ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം