പാലക്കാട് : തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്‍കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം ഒരു നിഗമനത്തിലേക്ക് നയിക്കുന്നത്. അതിനിടെ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തയിട്ടില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലും ഇത് സംബന്ധിച്ച സൂചനയുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും മാതാവ് നേരിട്ട് പരാതി നല്‍കിയതോടെയാണ് നാടിനെ ഞെട്ടിച്ച് വാര്‍ത്ത പുറത്ത് വരുന്നത്. വിവാഹവാഗ്ദാനവും ജോലി തരാമെന്ന ഉറപ്പും നല്‍കിയശേഷം തുടര്‍ച്ചയായി മയക്കുമരുന്നുനല്‍കി ദിവസങ്ങളോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് അമ്മയുടെ പരാതി. സമീപ വാസികള്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍, സമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്ക് എതിരെയാണ് അമ്മയുടെ പരാതി.
അമിതമായ മയക്കുമരുന്ന് ഉപയോഗവും ലൈംഗികപീഡനവുംമൂലം കുട്ടിയുടെ ആരോഗ്യനില തകരാറിലാണെന്നും കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികില്‍സ തേടിയിരുന്നെന്നും അമ്മ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 25കാരനെ കുറിച്ചു അമ്മ വിവരം നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് നല്‍കി അതിന് അടിമയാക്കിയശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതി കുട്ടിയ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം അവസാനമാണ് സംഭവം നടക്കുന്നത്. ജോലിയുടെ ആവശ്യത്തിന് എന്നുപറഞ്ഞ് കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയെന്നും ദിവസങ്ങളോളം പീഢിപ്പിച്ചെന്നും അമ്മ പറയുന്നു. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. പോലീസ് മേധാവി പാലക്കാട് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ക്ക് പുറമേ പ്രതി കുട്ടിക്ക് നിരന്തരം കഞ്ചാവ് നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.