ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം ഈ മാസം തന്നെ പുറത്തിറക്കും.
കോവിഡ് മൂലം പതിവുള്ള പരീക്ഷകൾ മുടങ്ങിയതിനാൽ പകരം സ്വീകരിച്ച മൂല്യനിർണയ രീതിയിലുള്ള ഫലമാകും പ്രസിദ്ധീകരിക്കുക. ഫലം പ്രസിദ്ധീകരിച്ചാലുടൻ ഡിഗ്രി അടക്കമുള്ള ഉന്നത കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങും.
പത്താം ക്ലാസിലെ ബെസ്റ്റ് ത്രീ വിഷയങ്ങളുടെയും 11-ാം ക്ലാസ് അവസാന പരീക്ഷയുടെയും സ്കൂളുകളിൽ നടത്തിയ12-ാം ക്ലാസ് പരീക്ഷയുടെയും മാർക്കുകളുടെ അടിസ്ഥാനത്തിലാകും ഈ വർഷം 12-ാം ക്ലാസ് ബോർഡ് ഫലം നിശ്ചയിക്കുക.
പ്രാക്ടിക്കൽ പരീക്ഷയിലെ മാർക്ക്, സ്കൂളിലെ വിവിധ പരീക്ഷകൾ, ടെസ്റ്റുകൾ എന്നിവ അടക്കമുള്ള വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തിയാണ് പത്താം ക്ലാസ് ബോർഡ് ഫലം തീരുമാനിക്കുക.
പത്താം ക്ലാസിനു ശേഷം സിബിഎസ്ഇ സ്കൂളുകളിലേക്കു മാറിയ വിദ്യാർഥികളുടെ കാര്യത്തിൽ അവരുടെ പഴയ സ്കൂളുകളോട് മാർക്കുകൾ സിബിഎസ്ഇ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.