അഭിനയ ലോകത്ത് വ്യക്തിമുദ്രപതിപ്പിച്ച ഇതിഹാസ താരം ദിലീപ് കുമാർ അഭിനയകലകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെ ആളായ ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ ഒരു പാർലമെൻറ് അംഗം കൂടിയായിരുന്നു.
പിതാവ് ലാലാ ഗുലാം സർവാർ ഖാന്റയും ആയിഷ ബീഗത്തിൻറെയും പന്ത്രണ്ടു മക്കളിൽ ഒരാളായ ദിലീപ് കുമാറിന്റെ യഥാർത്ഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിൽ ഖ്വിസ്സ ഖവാനി ബസാർ എന്ന പ്രദേശത്തുള്ള കുടുംബ വീട്ടിൽ 1922 ഡിസംബർ 11 ന് ജനിച്ച ദിലീപ്കുമാറിന്റെ പ്രാഥമികവിദ്യാഭ്യാസം നാസിക്കിലെ ദിയോലാലിയിലെ ബാർനെസ് വിദ്യാലയത്തിലായിരുന്നു.
യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരനിൽ നിന്നും ദിലീപ് കുമാർ എന്ന താര രാജാവിലേക്ക് എത്തിപ്പെട്ടത് ഇതിഹാസ ചരിത്രം കുറിച്ച് കൊണ്ടാണ്. തൻറെ എട്ടാം വയസ്സിൽ പിതാവിനൊപ്പം മുംബൈയിലെത്തി. തന്റെ 20 വയസ്സിൽ മിലിട്ടറി ക്യാമ്പിൽ കാന്റിൻ നടത്തിയിരുന്ന കാലത്ത് നടി ദേവികാറാണിയും ഭർത്താവ് ഹിമാൻ ഷു റായിയും അദ്ദേഹത്തെ കാണാൻ ചെന്നു. 1944- ൽ ദേവിക റാണി നിർമ്മിച്ച ചിത്രത്തിൽ നായകനായി അഭി നയിക്കാൻ യൂസഫ് ഖാനെ ക്ഷണിച്ചു. അങ്ങനെ ദിലീപ്കുമാർ തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. ട്രാജഡി കിംഗ്, ദിലീപ് സാഹിബ്, എന്നെല്ലാം വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം അഭിനയ ജീവിതത്തിൽ വൈകാരിക നിമിഷങ്ങൾ കാഴ്ച വച്ച നടനാണ്. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമ്മയാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന പേര് മാറ്റി ദിലീപ് കുമാർ എന്നാക്കിയത്. അഞ്ച് പതിറ്റാണ്ട് കാലം വരെ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറി.
ആദ്യമായി ഫിലിം ഫെയർ അവാർഡ് നേടിയ നടൻ എന്നതിലുപരി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡ് കൂടി ദിലീപ് കുമാറിന് സ്വന്തമാണ്. 1980 ൽ മുംബൈ ശരീഫ് ആയി നിയമിതനായി.1997 ൽ ആന്ധ്രാസർക്കാർ എൻടിആർ ദേശീയപുരസ്കാരം നൽകി ആദരിച്ചു. 1998 പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ് കുമാറിനെ ആദരിച്ചു. 2000 – 2006 വരെ രാജ്യസഭാംഗമായിരുന്നു.
ദേവദാസ് , ഗംഗ ജമുന , രാം ഓർ ശ്യാം, നായദൌർ , മധുമതി, ക്രാന്തി, വിധാത , ശക്തി ആൻഡ് മാഷാൽ , എന്നീ പ്രശസ്ത സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ച ദിലീപ് കുമാർ അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ചത് ജ്വാർഭട്ട എന്ന ചിത്രത്തിലൂടെയാണ്. 1947 പുറത്തിറങ്ങിയ ജുഗ്നു ബോക്സോഫീസിൽ വിജയം നേടിയ ചിത്രമായപ്പോൾ 1949 ൽ പുറത്തിറങ്ങിയ ആൻഡാസ് ദിലീപ്കുമാറിന് താരപരിവേഷം നൽകി. നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1994 ൽ ദാദാസാഹിബ് ഫാൽക്കേ പുരസ്കാരംലഭിച്ച ദിലീപ് കുമാറിനെ 2015 ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു .
തന്നെക്കാൾ 22 വയസ് കുറവുള്ള തന്റെ ജീവിത സഖിയായ സൈറാബാനുമൊത്തുള്ള ദാമ്പത്യം സിനിമകളിലെ പ്രേമ കഥാപാത്രങ്ങള കവച്ചുവെയ്ക്കുന്നതായിരുന്നു. 1972- ൽ ഗർഭിണിയായ സൈറ എട്ടാം മാസത്തിൽ ഒരാൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവത്തോടെ തന്നെ ആ കുഞ്ഞ് മരിക്കുകയായിരുന്നു.
1976 ൽ ദിലീപ് കുമാർ അഞ്ച് വർഷ കാലത്തെ ഇടവേളയ്ക്കു ശേഷം ക്രാന്തി (1981) എന്ന ചിത്രത്തിൽ സംഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും, ശക്തിയിൽ പോലീസ് ഒഫീസറായും(1982), കർമയിൽ ജയിലറായും, (1986), സൗദാഗറിൽ ഗ്രാമമുഖ്യനായും (1986) 1991) അഭിനയിച്ച അതുല്യ പ്രതിഭയുടെ അവസാന ചിത്രം 1998- ൽ പുറത്തിറങ്ങിയ ഖില ആയിരുന്നു.
അവിസ്മരണീയ കഥാപാത്രങ്ങൾക്കു ജീവൻ നൽകികൊണ്ട് സമാനതകളില്ലാത്ത അഭിനയ പാടവം കാഴ്ചവെച്ച് വെള്ളിത്തിരയിൽ വിസ്മയം തീർത്ത ദിലീപ് കുമാർ എന്ന ഇതിഹാസം 2021 ജൂലൈ 7 ന് ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ആരാധക ഹൃദയത്തിൽ എന്നെന്നും കത്തിജ്വലിച്ചു നിൽക്കും.
തയ്യാറാക്കിയത് : നസീറ ബെക്കർ